

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഈ വർഷത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പങ്കെടുക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും (എഐഎഫ്എഫ്) മറ്റ് അധികൃതരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ക്ലബ്ബ് പങ്കാളിത്തം ഉറപ്പാക്കിയത്. ഈ വിഷയത്തിൽ കൃത്യസമയത്ത് ഇടപെടുകയും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് ക്ലബ്ബ് നന്ദി അറിയിക്കുകയും ചെയ്തു. ഫെബ്രുവരിയിൽ സീസൺ ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യങ്ങളിൽ ആരാധകർക്കുള്ള ആശങ്കകൾ തിരിച്ചറിയുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സജീവമായി പരിശോധിച്ചു വരികയാണെന്നും ക്ലബ് അറിയിച്ചു. ഇന്ത്യൻ ഫുട്ബോൾ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, കായികരംഗത്തിൻ്റെ ഭാവി മുൻനിർത്തി എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ തീരുമാനം. വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുന്നതിന് അനുസരിച്ച് ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
ക്ലബ്ബ് നേരിടുന്ന ഈ സാഹചര്യത്തിൽ നൽകുന്ന പിന്തുണയ്ക്കും കാണിക്കുന്ന ക്ഷമയ്ക്കും ആരാധകരോടും മറ്റ് പങ്കാളികളോടും കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി അറിയിക്കുകയും ചെയ്തു.
Content Highlights: Kerala Blasters FC has officially confirmed its participation in the upcoming Indian Super League tournament