

പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടതും നിലവിലുള്ള നിയന്ത്രണങ്ങളും കാരണം യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ അധികമായി വരുന്ന ദിവസങ്ങളിലെ താമസച്ചെലവ് വകുപ്പ് തന്നെ വഹിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.
കണക്കുകൾ പ്രകാരം, ഏകദേശം 20,200 യാത്രക്കാർക്ക് താൽക്കാലിക താമസസൗകര്യവും വിമാന ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള പിന്തുണയും ലഭിച്ചിട്ടുണ്ട്. ദുരിതത്തിലായ സന്ദർശകരെ സഹായിക്കാൻ അധികൃതർ മുന്നോട്ടുവന്നതിനെ നിരവധി താമസക്കാരും യാത്രക്കാരും പ്രവാസികളും അഭിനന്ദിച്ചു.
പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ താമസക്കാർ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ മുൻകരുതൽ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടുക, സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റങ്ങൾ വരുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
യുഎഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ മുൻകരുതൽ നടപടിയുടെ ഭാഗമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പുതിയ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്ന് താമസക്കാരോടും ബിസിനസ്സ് സ്ഥാപനങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.
ദുബായ് ഗ്ലോബൽ വില്ലേജ്, ജബൽ ജൈസ്, ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ്, ഐൻ ദുബായ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് മാത്രമെ ഈ മേഖലകൾ ഇനി തുറന്ന് പ്രവർത്തിക്കുന്ന വിവരം ലഭിക്കൂ.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് മൂന്ന് (ചൊവ്വാഴ്ച) വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശമുണ്ട്. ജനങ്ങൾക്ക് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlights: Abu Dhabi administration has announced that travellers whose journeys were disrupted can continue their stay in hotels, with the government ready to bear the accommodation expenses.