

വ്യത്യസ്തമായ കഥപറച്ചിലിലൂടെയും സംവിധാന മികവിലൂടെയും ലോകസിനിമാപ്രേമികളെ കൈയിലെടുത്ത സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഓരോ നോളൻ സിനിമയ്ക്കും വലിയ ആരാധകരാണുള്ളത്. ഏറെ പ്രേക്ഷകപ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു 'ഇന്റർസ്റ്റെല്ലാർ'. 2014ല്‍ ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമയ്ക്ക് ഇന്നും ഏറെ സ്വീകാര്യതയുണ്ട്. ഇന്റർസ്റ്റെല്ലാറിൽ മമ്മൂട്ടി നായകനായി എത്തിയാൽ എങ്ങനെയുണ്ടാകും?. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എഐ കൊണ്ട് നിർമിച്ച ഇന്റർസ്റ്റെല്ലാറിന്റെ മമ്മൂട്ടി വേർഷൻ ആണ് ഇപ്പോൾ വൈറലാകുന്നത്. ഡിബ്‌ള്യൂ എഐ പയനം എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ വൈറലായത്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്. 'റീൽ സ്കൈപ് ചെയ്യാൻ പോയ എന്നെ കൊണ്ട് ഏതോ ഒരു സെക്കൻഡ് മുതൽ മുഴുവൻ കാണിച്ച് കണ്ണ് നിറച്ച മുതല്', 'ഇങ്ങനെ ഒരു മൂവി മലയാളത്തിൽ വന്നാൽ കലക്കും', 'മൈ ഡിയർ കുട്ടിച്ചാത്തൻ ഇന്ത്യയിലെ തന്നെ ആദ്യത്തെ 3d സിനിമ ആയി മലയാളത്തിൽ ഇറങ്ങിയത് പോലെ ഇന്ത്യയിലെ ആദ്യത്തെ AI ജനറേറ്റഡ് ഫുൾ മൂവി ഇറക്കാൻ ബ്രോയ്ക്ക് കഴിയട്ടെ… പൊളിക്ക്' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.
സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ചിത്രം കഴിഞ്ഞ വർഷം ഐമാക്സിൽ റീ റിലീസിനെത്തിയിരുന്നു. മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് സിനിമക്ക് റീ റിലീസിലും ലഭിച്ചത്. അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്ര ആണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയാണിത്. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക.
അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി - അടൂർ ഗോപാലകൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള 2 ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഛായാഗ്രഹണം - ഷെഹനാദ് ജലാൽ, സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ, മുഖ്യ സംവിധാന സഹായി - മീരസാഹിബ്, നിർമ്മാണ സഹകരണം - ജോർജ് സെബാസ്റ്റ്യൻ, കലാസംവിധാനം - ഷാജി നടുവിൽ, നിർമ്മാണ മേൽനോട്ടം - സുനിൽ സിങ്, നിർമ്മാണ നിയന്ത്രണം - ബിനു മണമ്പൂർ, ചമയം - റോണക്‌സ് , ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം - എസ് ബി സതീശൻ, ശബ്ദമിശ്രണം - കിഷൻ മോഹൻ (സപ്ത റെക്കോർഡ്), നിശ്ചല ഛായ - നവീൻ മുരളി, പരസ്യ പ്രചരണം - വിഷ്ണു സുഗതൻ, പരസ്യ കല - ആഷിഫ് സലിം, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Mammootty as hero in christopher nolan film Interstellar ai video goes viral