'സംഘർഷത്തിൽ അമേരിക്ക വളരെ മുന്നിൽ'; ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിച്ചെന്ന് ട്രംപ്

'ഇറാന് നാവികസേനയോ ആശയവിനിമയ സംവിധാനങ്ങളോ വ്യോമസേനയോ ഇല്ല. അവര്‍ അയച്ച മിസൈലുകള്‍ പോലും ചിതറിപ്പോവുകയാണ് ചെയ്തത്'.

'സംഘർഷത്തിൽ അമേരിക്ക വളരെ മുന്നിൽ'; ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിച്ചെന്ന് ട്രംപ്
dot image

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ യുദ്ധം ഏകദേശം അവസാനിച്ചെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള സംഘര്‍ഷം നാലോ അഞ്ചോ ആഴ്ച്ചകൾ നീണ്ടുനില്‍ക്കുമെന്ന് കരുതിയിരുന്നു എന്നും എന്നാല്‍ സംഘര്‍ഷത്തില്‍ അമേരിക്ക വളരെ മുന്നില്‍ ആയതിനാല്‍ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും ട്രംപ് പറഞ്ഞു. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

യുദ്ധം ഏകദേശം അവസാനിച്ചു. ഇറാന് നാവികസേനയോ ആശയവിനിമയ സംവിധാനങ്ങളോ വ്യോമസേനയോ ഇല്ല. അവര്‍ അയച്ച മിസൈലുകള്‍ പോലും ചിതറിപ്പോവുകയാണ് ചെയ്തത്. അവരുടെ ഡ്രോണുകള്‍ എപ്പോഴും നശിപ്പിക്കപ്പെടുകയാണെന്ന് നിങ്ങള്‍ തന്നെ ശ്രദ്ധിച്ചാല്‍ മനസിലാകും. സൈനികപരമായി അവരുടെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ട്രംപിന്റെ പ്രതികരണം. അത് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. ഇറാന് ചെയ്യാന്‍ കഴിയുന്നതെല്ലാം അവര്‍ ചെയ്ത് കഴിഞ്ഞു. ഇനിയും കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കരുത്. അത് ആ രാജ്യത്തിന്റെ അവസാനത്തിന് കാരണമാകുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി.

അതേസമയം, ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനയിയെ തെരഞ്ഞെടുത്ത സംഭവത്തില്‍ തനിക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മൊജ്തബ ഖമനയിയോട് യാതൊന്നും പറയാനില്ല. ഇറാനെ നയിക്കാന്‍ മറ്റൊരാളെയാണ് താന്‍ മനസില്‍ കാണുന്നതെന്നും മൊജ്തബയുടെ നിയമനത്തില്‍ താന്‍ തൃപ്തനല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlight; Iran–Israel–US Conflict May End Soon, Says Trump

dot image
To advertise here,contact us
dot image