'എന്റെ വിരമിക്കൽ ഉടനുണ്ടാകും, ഫുട്ബോളിൽ നിന്ന് വിട്ടുനിൽക്കുക വളരെ പ്രയാസകരം: ക്രിസ്റ്റ്യാനോ റൊണാൾഡോ

'അന്ന് ഒരുപക്ഷേ ഞാൻ കരഞ്ഞേക്കാം. അതെ, അത് വളരെ വളരെ ബുദ്ധിമുട്ടായിരിക്കും.'

'എന്റെ വിരമിക്കൽ ഉടനുണ്ടാകും, ഫുട്ബോളിൽ നിന്ന് വിട്ടുനിൽക്കുക വളരെ പ്രയാസകരം: ക്രിസ്റ്റ്യാനോ റൊണാൾഡോ
dot image

ഇതിഹാസതുല്യമായ ഫുട്ബോൾ ജീവിതം ഉടൻ അവസാനിച്ചേക്കുമെന്ന് സൂചന നൽകി പോർച്ചു​ഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 'എല്ലാത്തിനും ഒരവസാനമുണ്ട്. വിരമിക്കൽ ഉടൻ ഉണ്ടാകും. അതിനായി ഞാൻ തയ്യാറെടുക്കും. ഫുട്‌ബോളിൽ നിന്ന് വിട്ടുനിൽക്കുന്നത് വളരെ വളരെ പ്രയാസകരമായിരിക്കും.' ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർ​ഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ വാക്കുകൾ.

'ഫുട്ബോൾ മതിയാക്കുന്നത് തീർച്ചയായും പ്രയാസകരമായിരിക്കും. അന്ന് ഒരുപക്ഷേ ഞാൻ കരഞ്ഞേക്കാം. അതെ, അത് വളരെ വളരെ ബുദ്ധിമുട്ടായിരിക്കും. പക്ഷെ 25, 26, 27 വയസ്സുള്ളപ്പോൾ മുതൽ ഞാൻ ഫുട്ബോളിന് വേണ്ടി ജീവിക്കുന്നു. അതിനാൽ വിരമിക്കലെന്ന സമ്മർദ്ദ ഘട്ടത്തെയും അതിജീവിക്കാൻ എനിക്ക് കഴിയുമെന്ന് കരുതുന്നു,' റൊണാൾഡോ കൂട്ടിച്ചേർത്തു.

'ഫുട്ബോളിൽ ഗോൾ നേടുന്നതിലൂടെ ലഭിക്കുന്ന ആവേശത്തിന് പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ല. പക്ഷേ എനിക്ക് മറ്റ് താൽപ്പര്യങ്ങളുണ്ട്. വിരമിക്കുമ്പോൾ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാൻ കൂടുതൽ സമയം ലഭിക്കും. എൻ്റെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ലഭിക്കാം. കുട്ടികൾക്കൊപ്പം സമയം ചിലവിടാം,' റൊണാൾഡോ വ്യക്തമാക്കി.

ഏകദേശം 23 വർഷത്തോളമായി പ്രൊഫഷണൽ ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യമുണ്ട്. 2002ൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് സി പിയിൽ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ചു. 2003ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി. അന്ന് ആദ്യമായാണ് ഒരു പോർച്ചുഗീസ് താരം മാഞ്ചസ്റ്ററിൽ പന്തു തട്ടാനെത്തിയത്. ജോർജ് ബെസ്റ്റ്, ബ്രയാൻ റോബ്സൺ, എറിക് കാന്റോണ, ഡേവിഡ് ബെക്കാം എന്നിവർക്ക് മാത്രം ലഭിച്ചിരുന്ന ഏഴാം നമ്പർ ജഴ്സി റൊണാൾഡോയ്ക്ക് സ്വന്തമായി. മികച്ച പ്രകടനം നടത്താൻ തനിക്കുള്ള പ്രചോദനമാണെന്നായിരുന്നു ആ അംഗീകാരത്തോടുള്ള റൊണാൾഡോയുടെ പ്രതികരണം.

2009 മുതൽ 2018 വരെ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിനായി കളിച്ച കാലമാവും റൊണാൾഡോയുടെ ഫുട്ബോൾ ജീവിതത്തിൽ ഏറ്റവും മികച്ചത്. 438 മത്സരങ്ങളിൽ നിന്നായി 451 ഗോളുകൾ ഇക്കാലയളവിൽ റൊണാൾഡോ അടിച്ചുകൂട്ടി. സ്പാനിഷ് വസന്തത്തിൽ നിന്നും ഇറ്റലിയിലെ അത്രയൊന്നും സുഖകരമല്ലാത്ത കാലത്തേയ്ക്ക് പിന്നീട് റോണോ ചേക്കേറി. ഇറ്റലിയിൽ നിന്നും സൗദിയുടെ ഫുട്ബോൾ സ്വപ്നങ്ങളുടെ പതാകവാഹകാനായ റൊണാൾഡോ അൽ നസറിലെത്തി. നിവലിൽ അൽ നസറിന്റെ മിന്നും താരമാണ് റൊണാൾഡോ. കരിയറിൽ 1300 മത്സരങ്ങളോട് അടുക്കുമ്പോൾ 952 ഗോളുകൾ പോർച്ചുഗീസ് ഇതിഹാസം നേടിക്കഴിഞ്ഞു.

കരിയറിൽ 30തിലധികം ട്രോഫികൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം, മൂന്ന് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങിയ കിരീടങ്ങൾ സ്വന്തമാക്കി. പോർച്ചുഗലിനായി യുവേഫ നേഷൻസ് ലീഗിലും യൂറോ കപ്പിലും റൊണാൾഡോയുടെ സംഘം മുത്തമിട്ടു.

Content Highlights: Cristiano Ronaldo makes massive Retirement Admission

dot image
To advertise here,contact us
dot image