

പാകിസ്താൻ ക്രിക്കറ്റ് ടീം പേസ് ബൗളർ ഹാരിസ് റൗഫിന് രണ്ട് ഏകദിന മത്സരങ്ങളിൽ നിന്ന് വിലക്ക്. ഈ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പ് ടൂർണമെന്റിലെ ഇന്ത്യ-പാക് മത്സരത്തിനിടെയുണ്ടായ പരിധി വിട്ട ആംഗ്യങ്ങളാണ് റൗഫിന് വിലക്കിന് കാരണമായത്. വിവിധ അച്ചടക്ക സമിതികളുടെ വാദങ്ങൾ കേട്ട ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തീരുമാനം എടുത്തത്. നടപടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിൽ റൗഫിന് കളിക്കാൻ കഴിയില്ല. രണ്ട് ഡിമെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 35 ശതമാനം പിഴയും റൗഫിന് ശിക്ഷ വിധിച്ചിട്ടുണ്ട്.
ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ പഹൽഗാം ഭീകരാക്രമണത്തെ സൂചിപ്പിച്ചുകൊണ്ട് 6-0 എന്ന് ഹാരിസ് റൗഫ് കാണികൾക്ക് നേരെ കൈകൊണ്ട് സിഗ്നൽ നൽകിയിരുന്നു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്നാണ് റൗഫ് പരോക്ഷമായി ഉദ്ദേശിച്ചതെന്നാണ് പരാതി ഉയർന്നത്. സമാനമായി തോക്കുകൊണ്ട് വെടിയുതിർക്കുന്ന ആക്ഷൻ കാണിച്ചതിന് പാകിസ്താന്റെ മറ്റൊരു താരം സാഹിബ്‌സാദ ഫര്‍ഹാന് ഒരു ഡിമെറിറ്റ് പോയിന്റും ഐസിസിയുടെ താക്കീതും ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംമ്ര എന്നിവരും ഐസിസിയുടെ അച്ചടക്ക നടപടി നേരിട്ടു. മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ട് ഡിമെറിറ്റ് പോയിന്റുമാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പിഴ വിധിച്ചിരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തെ രാഷ്ട്രീയ ചർച്ചകൾക്ക് ഉപയോഗിച്ചതാണ് സൂര്യകുമാർ യാദവിന് തിരിച്ചടിയായത്.
ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ സൂചിപ്പിക്കുന്ന ആംഗ്യങ്ങൾ മത്സരത്തിനിടെ കാണിച്ചതിനാണ് ബുംമ്രയ്ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. ജസ്പ്രീത് ബുംമ്രയ്ക്ക് ഒരു ഡിമെറിറ്റ് പോയിന്റും ഔദ്യോഗിക താക്കീതും ലഭിച്ചു. എന്നാൽ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെതിരെ നടപടിയെടുത്തിട്ടില്ല. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം അർഷ്ദീപ് ഇന്ത്യ-പാകിസ്താന‍് സംഘർഷത്തെ സൂചിപ്പിക്കുന്ന ആംഗ്യങ്ങൾ കാണിച്ചിരുന്നു.
Content Highlights: Pakistan pacer Haris Rauf has been handed a two-game ban by ICC on Tuesday