
മേജർ ലീഗ് സോക്കർ ഫുട്ബോൾ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് കനത്ത തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിൻസിനാറ്റി എഫ് സി ലയണൽ മെസ്സിയുടെ സംഘത്തെ പരാജയപ്പെടുത്തിയത്. സിൻസിനാറ്റിക്കായി ഇവാൻഡർ സിൽവ ഇരട്ട ഗോളുകൾ നേടി. ജെറാർഡോ വലെൻസുവേലയാണ് മറ്റൊരു ഗോൾ നേടിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ സിൻസിനാറ്റി താളം കണ്ടെത്തി. 15-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ പിറന്നത്. ഇടത് വിങ്ങിൽ നിന്ന് മുന്നേറി ഡിബോക്സിനുള്ളിൽ കടന്ന് ലൂക്ക ഒറെല്ലാനോ നൽകിയ പാസ് ജെറാർഡോ വലെൻസുവേല അനായാസം തട്ടി വലയിലാക്കി. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ മയാമി താരങ്ങൾക്ക് കഴിഞ്ഞതുമില്ല.
രണ്ടാം പകുതി തുടങ്ങിയതും സിൻസിനാറ്റി വീണ്ടും മുന്നിലെത്തി. 49-ാം മിനിറ്റിൽ ഇവാൻഡർ ആണ് വലചലിപ്പിച്ചത്. 70-ാം മിനിറ്റിൽ ഇവാൻഡറിലൂടെ സിൻസിനാറ്റി വീണ്ടും വലകുലുക്കി. ഇതോടെ ലയണൽ മെസ്സിയും സംഘവും തോൽവി ഉറപ്പിച്ചു. അവശേഷിച്ച 20 മിനിറ്റിൽ ആശ്വാസ ഗോൾ പോലും നേടാൻ മയാമി നിരയ്ക്ക് സാധിച്ചില്ല.
മേജർ ലീഗ് സോക്കറിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഇന്റർ മയാമി. 20 മത്സരങ്ങൾ പിന്നിടുമ്പോൾ 11 വിജയവും അഞ്ച് സമനിലയും നാല് തോൽവിയുമാണ് മയാമിയുടെ സമ്പാദ്യം. 38 പോയിന്റുകളാണ് മയാമിക്ക് നേടാൻ സാധിച്ചിട്ടുള്ളത്.
Content Highlights: Messi and Co. suffer heavy loss