ആന്ദ്ര റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു; ഓസീസിനെതിരെ അവസാന മത്സരം

2012ലും 2016ലും ട്വന്റി 20 ലോകചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസിൽ ടീമിൽ റസ്സലും അം​ഗമായിരുന്നു

dot image

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്ര റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. 37-ാം വയസിലാണ് റസ്സലിന്റെ വിരമിക്കൽ പ്രഖ്യാപനം. ഓസ്ട്രേലിയയ്ക്കെതിരെ ജൂലൈ 21ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ അടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ റസ്സൽ കളിക്കും. ഈ രണ്ട് മത്സരങ്ങൾ റസ്സലിന്റെ ഹോം​ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാർക്കിലാണ് നടക്കുക. സ്വന്തം സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര കരിയറിന് വിരാമം കുറിക്കാനാണ് റസ്സലിന്റെ തീരുമാനം.

''വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്.‌ വാക്കുകൾക്ക് അത് എത്രത്തോളം വലുതാണെന്ന് വിശദീകരിക്കാൻ കഴിയില്ല. ചെറുപ്പത്തിൽ ഈ നിലയിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ക്രിക്കറ്റ് കളിക്കുകയും ഈ വിനോദത്തെ സ്നേഹിക്കുകയും ചെയ്യുമ്പോൾ ക്രിക്കറ്റിൽ കൂടുതൽ ഉയരങ്ങളിലെത്താൻ ആ​ഗ്രഹിച്ചു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ മെറൂൺ ജഴ്സിയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനും യുവതാരങ്ങൾക്ക് പ്രോത്സഹാനം ആകുവാനും ആ​ഗ്രഹിച്ചു, റസ്സൽ പ്രസ്താവനയിൽ പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനായി കളിക്കുവാനും എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ മികച്ച പ്രകടനങ്ങൾ നടത്തുവാനും എനിക്ക് ഇഷ്ടമാണ്. കരീബിയനിൽ നിന്ന് വരുന്ന അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്ക് ഒരു മാതൃകയായിക്കൊണ്ട് എന്റെ അന്താരാഷ്ട്ര കരിയർ നല്ല രീതിയിൽ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, റസ്സൽ വ്യക്തമാക്കി.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ 15 വർഷത്തോളം നീണ്ട കരിയറിനാണ് റസ്സൽ വിരാമം കുറിക്കുന്നത്. 2010ൽ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു റസ്സലിന്റെ അരങ്ങേറ്റം. എന്നാൽ പിന്നീട് താരം ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. ഏക ടെസ്റ്റ് മത്സരത്തിൽ രണ്ട് റൺസ് മാത്രമാണ് റസ്സലിന് നേടാൻ സാധിച്ചത്. ഈ മത്സരത്തിൽ ഒരു വിക്കറ്റും റസ്സൽ നേടി.

ഏകദിന ക്രിക്കറ്റിൽ 54 മത്സരങ്ങളിൽ നിന്ന് 1,034 റൺസ് നേടി. പുറത്താകാതെ നേടിയ 92 റൺസാണ് ഉയർന്ന സ്കോർ. 70 വിക്കറ്റുകൾ റസ്സൽ ഏകദിനത്തിൽ സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിൽ 84 മത്സരങ്ങൾ കളിച്ച റസ്സലിന് 1,078 റൺസും 61 വിക്കറ്റുകളും സ്വന്തമാക്കാൻ സാധിച്ചു. 2012ലും 2016ലും ട്വന്റി 20 ലോകചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസിൽ ടീമിൽ റസ്സലും അം​ഗമായിരുന്നു.

Content Highlights: Andre Russell Announces Retirement From International Cricket

dot image
To advertise here,contact us
dot image