

ഖത്തറിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദന കേന്ദ്രമായ റാസ് ലഫാൻ വ്യവസായ നഗരത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം വ്യാപാര രംഗത്തും വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ആക്രമണത്തെത്തുടർന്ന് റാസ് ലഫാനിലെ ഗ്യാസ് ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ലോകത്തിലെ ഗ്യാസ് വിതരണത്തിന്റെ 20 ശതമാനവും ഈ കേന്ദ്രത്തിൽ നിന്നാണ് നടക്കുന്നത്. ഇത് നീണ്ടുനിന്നാൽ ഇന്ത്യയിലേക്കുള്ള എൽപിജി, എൽഎൻജി വരവിനെ ബാധിച്ചേക്കാം.

വിതരണത്തിൽ കുറവുണ്ടാകുന്നത് രാജ്യാന്തര മാർക്കറ്റിൽ ഗ്യാസ് വില കുതിച്ചുയരാൻ കാരണമാകും. ഇന്ത്യ ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന രാജ്യമായതിനാൽ, പാചകവാതകത്തിനും മറ്റ് ഇന്ധനങ്ങൾക്കും വില കൂടാൻ കാരണമാകും. 2024-25 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം, ഖത്തറിൽ നിന്ന് മാത്രം ഇന്ത്യ ഏകദേശം 27,000 കോടി രൂപ മൂല്യമുള്ള എൽപിജി ഇറക്കുമതി ചെയ്തിട്ടുണ്ട്. എൽപിജിക്ക് പുറമെ, പ്രകൃതിവാതകത്തിനായി 2024 ഫെബ്രുവരിയിൽ ഇന്ത്യ ഖത്തറുമായി ഏകദേശം 6.5 ലക്ഷം കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇത് 2048 വരെ നീണ്ടുനിൽക്കുന്ന ഒന്നാണ്.
നിലവിൽ ഇന്ത്യയിൽ വലിയ രീതിയിലുള്ള പ്രതിസന്ധിയില്ലെങ്കിലും, ഖത്തറിലെ ഉൽപാദനം എത്ര വേഗത്തിൽ പുനഃസ്ഥാപിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയിലെ പാചകവാതക ലഭ്യതയും വിലയും. മേഖലയിൽ യുദ്ധസാഹചര്യം തുടരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഗ്യാസ് വില വർധിച്ചാൽ സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ബാധിക്കും.
ഇസ്രായേൽ തങ്ങളുടെ സൗത്ത് പാഴ്‌സ് ഗ്യാസ് പ്ലാന്റിന് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ആർക്കും ജീവഹാനിയോ പരിക്കുകളോ സംഭവിച്ചിട്ടില്ല. സംഭവത്തെത്തുടർന്ന് ഖത്തർ ഇറാനിയൻ നയതന്ത്ര ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ ഉത്തരവിട്ടു.
Content Highlights: Why attack on Qatar’s energy infrastructure in Ras Laffan is bad news for India