
ക്ലബ്ബ് ലോകകപ്പ് മത്സര ക്രമത്തെച്ചൊല്ലി ഫുട്‌ബോൾ ലോകത്ത് നിന്ന് ഏറെക്കാലമായി വിമർശനമുയരുന്നുണ്ട്. താരങ്ങളും പരിശീലകരും വിവിധ രാജ്യങ്ങളിലെ ഫുട്‌ബോൾ അതോറിറ്റികളുമൊക്കെ ഫിഫക്കെതിരെ രംഗത്തെത്തി.
താരങ്ങൾക്ക് മതിയായ വിശ്രമം ലഭിക്കാത്തത് ശാരീരികവും മാനസികവുമായ അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം മുൻ ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ് പറഞ്ഞിരുന്നു. ക്ലോപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാര്‍ഡിയോളയും.
'ലീഗ് സീസണുകൾക്കിടയിലുള്ള ഇടവേളയിലാണ് ക്ലബ് വേൾഡ് കപ്പ് നടക്കുന്നത്. താരങ്ങൾക്ക് ഒരുങ്ങാനും ക്ലബുകൾക്ക് അവരെ ഒരുക്കാനും കിട്ടുന്ന സമയമാണിത്, എന്നാൽ ആ സമയം ഫിഫ ക്ലബ് വേൾഡ് കപ്പ് സംഘടിപ്പിച്ചത് കൊണ്ട് തന്നെ ആവശ്യമായ വിശ്രമം ആർക്കും ലഭിക്കില്ല, അത് അടുത്ത സീസണിനെ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു മാനേജർ എന്ന നിലയിൽ ക്ലോപ്പ് പറയുന്ന കാര്യങ്ങൾ എനിക്ക് മനസ്സിലാകുമെന്നും' ഗ്വാര്‍ഡിയോള കൂട്ടിച്ചേർത്തു. നിലവിൽ പ്രീ ക്വാർട്ടർ കളിക്കാനൊരുങ്ങുമ്പോൾ തങ്ങളുടെ താരങ്ങൾ പരിക്കിന്റെ പിടിയിലാകുമോ എന്ന ആശങ്കയുണ്ടെന്നും സ്പാനിഷ് പരിശീലകൻ കൂട്ടിച്ചേർത്തു.
അതേ സമയം ടൂർണമെന്റിൽ യോഗ്യത നേടാത്ത ടീമുകളിൽ നിന്നുയരുന്ന മറ്റ് വിമർശനങ്ങളെ ഗ്വാര്‍ഡിയോള എതിർത്തു. വസ്തുതാപരമായ ശരികളുണ്ട്. എന്നാൽ പൂർണമായി അടിച്ചാക്ഷേപിക്കുന്നത് ശരിയല്ല. തീർച്ചയായും യോഗ്യത നേടിയിരുന്നെങ്കിൽ ഇന്ന് വിമർശിക്കുന്ന പല ടീമുകളും ടൂർണമെന്റിൽ കളിക്കുമായിരുന്നു. ഏതായാലും കിരീടം നേടുക തന്നെയാണ് ലക്ഷ്യമെന്നും തത്കാലം മറ്റ് വിവാദങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും ഗ്വാർഡിയോള പറഞ്ഞു.
താരങ്ങൾക്ക് മതിയായ വിശ്രമം ലഭിക്കാത്തത് ശാരീരികവും മാനസികവുമായ അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുൻ ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ് പറഞ്ഞിരുന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മോശം ഐഡിയയാണ് ക്ലബ് വേൾഡ് കപ്പ് എന്നും അദ്ദേഹം വിമർശിച്ചിരുന്നു.
നിലവിൽ പ്രീ ക്വാർട്ടർ കടന്ന പ്രീമിയർ ലീഗ് വമ്പന്മാർ നാളെ അൽ ഹിലാലിനെ നേരിടും.
Content Highlights: Guardiola on Klopp statement on club world cup