MLSൽ ചരിത്ര നേട്ടങ്ങളുമായി ലയണൽ മെസ്സി; കരിയർ ​ഗോളെണ്ണം 865

അർജന്റീൻ മുൻ ഇതിഹാസം ഗോണ്‍സാലോ ഹിഗ്വയ്ന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്

dot image

മേജർ ലീ​ഗ് സോക്കറിൽ ചരിത്ര നേട്ടങ്ങളുമായി അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സി. കൊളംബസ് ക്രൂവിനെതിരായ മത്സരത്തിൽ ഇരട്ട ​ഗോൾ നേടിയതോടെയാണ് മെസ്സി ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയത്. മേജർ ലീ​ഗ് സോക്കർ ചരിത്രത്തിൽ ഇന്റർ മയാമിക്കായി ഏറ്റവും ​കൂടുതൽ ​ഗോൾ നേടിയെന്ന റെക്കോർഡ് ഇനി മെസ്സിക്ക് സ്വന്തമാണ്. മയാമിക്കായി 38 മത്സരങ്ങൾ കളിച്ച മെസ്സി 31 ​ഗോളുകളാണ് ഇതുവരെ വലയിലാക്കിയത്. ഇന്റർ മയാമിക്കായി 67 മത്സരങ്ങളിൽ നിന്ന് 29 ​ഗോളുകൾ നേടിയ അർജന്റീൻ മുൻ ഇതിഹാസം ഗോണ്‍സാലോ ഹിഗ്വയ്ന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്. എല്ലാ ഫുട്ബോൾ ലീ​ഗുകളിലുമായി മയാമിക്കായി 59 മത്സരങ്ങൾ കളിച്ച മെസ്സി 49 ​ഗോളുകൾ നേടിയിട്ടുണ്ട്.

ഫുട്ബോൾ കരിയറിൽ മെസ്സി 865 ​ഗോളുകൾ പൂർത്തിയാക്കി. 1,103 മത്സരങ്ങളിൽ നിന്നാണ് മെസ്സി 865 ​ഗോളുകൾ പൂർത്തിയാക്കിയത്. വേഗത്തിൽ 865 ​ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും മെസ്സി സ്വന്തമാക്കി. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് മെസ്സിക്ക് മുന്നിലുള്ളത്.

കരിയറിൽ 364 അസിസ്റ്റുകൾ എന്ന നേട്ടവും മെസ്സി സ്വന്തമാക്കി. എം എൽ എസിൽ കൊളംബസ് ക്രൂവിനെതിരെ രണ്ട് ​ഗോളുകൾക്കാണ് മെസ്സി അസിസ്റ്റ് നൽകിയത്. മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് ഇന്റർ മയാമി വിജയിക്കുകയും ചെയ്തു. രണ്ട് ​ഗോളും രണ്ട് അസിസ്റ്റുകളുമായി തിളങ്ങിയ ഇതിഹാസ താരം ലയണൽ മെസ്സിയുടെ മികവാണ് മയാമിയുടെ വിജയത്തിന് പിന്നിൽ. ടാഡിയോ അല്ലെൻഡെ, ലൂയിസ് സുവാരസ്, ഫാഫ പിക്കോൾട്ട് എന്നിവരും മയാമിക്കായി വലചലിപ്പിച്ചു.

Content Highlights: Lionel Messi Set Another Record for Inter Miami Against Columbus Crew

dot image
To advertise here,contact us
dot image