
സൗദി പ്രോ ലീഗ് ഫുട്ബോൾ ക്ലബ് അൽ നസർ വിടുമെന്ന് സൂചന നൽകി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ സൗദി പ്രോ ലീഗ് സീസണിലെ അവസാന മത്സരത്തിൽ അൽ ഫത്തേഹിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ വാക്കുകൾ. 'ഈ അധ്യായം അവസാനിക്കുന്നു. എന്നാൽ ഈ കഥ എഴുതുന്നത് തുടർന്നുകൊണ്ടിരിക്കും. എല്ലാവർക്കും നന്ദി'. അൽ നസറിന്റെ ജഴ്സിയണിഞ്ഞ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ റൊണാൾഡോ പ്രതികരിച്ചു.
2022ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി പ്രോ ലീഗിലേക്കെത്തുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാലറി നൽകിയാണ് അൽ നസർ താരത്തെ സ്വന്തമാക്കിയത്. 200 മില്യൺ യൂറോ ആയിരുന്നു റൊണാൾഡോയുടെ ഒരു വർഷത്തെ വരുമാനം.
സൗദി പ്രോ ലീഗ് 2023-24 സീസണിൽ അൽ നസറിനെ രണ്ടാം സ്ഥാനത്തെത്തിക്കാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞു. 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റ് നേടിയാണ് അൽ നസർ രണ്ടാം സ്ഥാനത്തെത്തിയത്. ഈ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 70 പോയിന്റ് നേടിയ അൽ നസർ സൗദി പ്രോ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
സൗദി പ്രോ ലീഗ് സീസണിൽ കൂടുതൽ ഗോൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ. 24 ഗോളുകളാണ് ഈ സീസണിൽ മാത്രം താരം അടിച്ചുകൂട്ടിയത്. അൽ നസറിനായി 111 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ക്ലബ് ഫുട്ബോളിൽ 800 ഗോളുകളും പോർച്ചുഗലിനായി 136 ഗോളുകളും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
Content Highlights: Cristiano Ronaldo hints Al-Nassr exit following SPL is over