
ബ്രസീല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ടതിന് പിന്നാലെ പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് കാര്‍ലോ ആഞ്ചലോട്ടി. സൂപ്പര്‍ താരം കാസെമിറോയെ ബ്രസീല്‍ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഞ്ചലോട്ടി ആഗ്രഹിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആഞ്ചലോട്ടി ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞെന്നാണ് ഫബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
🚨🇧🇷 Carlo Ancelotti has already made initial plans to discuss Casemiro’s return as part of Brazil squad.
— Fabrizio Romano (@FabrizioRomano) May 12, 2025
The relationship has always been excellent and Carlo wants more leaders to be part of the squad, including Man United’s midfielder. pic.twitter.com/dDpvHr8kyu
ആഞ്ചലോട്ടിയും കാസെമിറോയും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന കാസെമിറോയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഞ്ചലോട്ടി താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. മുന്‍പ് റയല്‍ മാഡ്രിഡില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളതും അവിടെ നിരവധി വിജയങ്ങള്‍ സ്വന്തമാക്കിയതും ഈ ആഗ്രഹത്തിന് പിന്നിലുണ്ട്.
ബ്രസീലിന് വേണ്ടി 75 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുള്ള കാസെമിറോ 2023 മുതല്‍ ദേശീയ ടീമിനൊപ്പമില്ല. കാസെമിറോ തിരിച്ചെത്തിയാല്‍ ബ്രസീല്‍ ടീമിന്റെ മധ്യനിര ശക്തമാകുമെന്നാണ് വിലയിരുത്തലുകള്‍. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ കഴിയുന്ന കാസെമിറോ എത്തുന്നത് ടീമിന് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും പകരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അതേസമയം കാസെമിറോയുടെ തിരിച്ചുവരവിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
Content Highlights: Carlo Ancelotti wants Casemiro to return to Brazil squad