'സീന് മാറ്റി' സുവാരസ്; മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റര് മയാമിക്ക് തകർപ്പന് വിജയം

സ്വന്തം കാണികള്ക്ക് മുന്നില് നടന്ന മത്സരത്തില് ഡിസി യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്

'സീന് മാറ്റി' സുവാരസ്; മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റര് മയാമിക്ക് തകർപ്പന് വിജയം
dot image

വാഷിങ്ടണ്: മേജര് ലീഗ് സോക്കറില് ഡിസി യുണൈറ്റഡിനെതിരെ തകര്പ്പന് വിജയവുമായി ഇന്റര് മയാമി. സൂപ്പര് താരം ലയണല് മെസ്സി ഇറങ്ങാതിരുന്ന മത്സരത്തില് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. മെസ്സിയുടെ അഭാവത്തില് മുന്നേറ്റ നിരയുടെ ചുമതല ഏറ്റെടുത്ത ലൂയി സുവാരസ് മയാമിക്ക് വേണ്ടി ഇരട്ട ഗോളടിച്ച് തിളങ്ങി.

വലത് കാലിന് ചെറിയ പരിക്കേറ്റ ലയണല് മെസ്സി ഇല്ലാതെയാണ് മയാമി ഡിസി യുണൈറ്റഡിന്റെ തട്ടകത്തിലിറങ്ങിയത്. സ്വന്തം കാണികള്ക്ക് മുന്നില് നടന്ന മത്സരത്തില് ആദ്യം ലീഡെടുക്കാനും ഡിസി യുണൈറ്റഡിന് സാധിച്ചു. 14-ാം മിനിറ്റില് ജാരെഡ് സ്ട്രോഡ് മികച്ചൊരു ഷോട്ടിലൂടെ മയാമിയെ ഞെട്ടിച്ചു. എന്നാല് പത്ത് മിനിറ്റിന് ശേഷം ലിയോണാര്ഡോ കാംപാനയിലൂടെ മയാമി തിരിച്ചടിച്ചു. ഫെഡറിക്കോ റെഡോണ്ടോയുടെ അസിസ്റ്റില് നിന്നാണ് മയാമിയുടെ സമനില ഗോള് പിറന്നത്.

മെസ്സിയുടെ അഭാവത്തില് മയാമിയുടെ ആക്രമണം നയിക്കാനുള്ള ബാധ്യത ഉറുഗ്വേയന് സ്ട്രൈക്കര് ലൂയി സുവാരസിനായിരുന്നു. 62-ാം മിനിറ്റില് പകരക്കാരനായി കളത്തിലെത്തിയ സുവാരസ് പത്ത് മിനിറ്റിനുള്ളില് തന്നെ മയാമിക്ക് ലീഡ് നേടിക്കൊടുത്ത് തന്റെ വരവറിയിച്ചു. 85-ാം മിനിറ്റില് സുവാരസ് മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടിയതോടെ മയാമി വിജയം ഉറപ്പിച്ചു. അഞ്ച് മത്സരങ്ങളില് നിന്ന് 10 പോയിന്റുമായി മയാമി ലീഗില് ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

dot image
To advertise here,contact us
dot image