
ഇസ്താംബുൾ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയം തുടർന്ന് ജർമ്മൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്. ടർക്കിഷ് ചാമ്പ്യന്മാരായ ഗലറ്റ്സരെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ തോൽപ്പിച്ചത്. കിങ്സ്ലി കോമാനെയും ഹാരി കെയ്നും ജമാൽ മുസിയാലയും ഗോളുകൾ നേടി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ബയേൺ ഗ്രൂപ്പിൽ ഒന്നാമതാണ്.
ആർ ബി സാൽസ്ബർഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർ മിലാൻ തോൽപ്പിച്ചു. യൂണിയൻ ബെർലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് നാപ്പോളി പരാജയപ്പെടുത്തിയത്. സെവിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ആഴ്സണലും വിജയം നേടി. ഗബ്രിയേൽ മാർട്ടിനലിയും ഗബ്രിയേൽ ജീസസും ഗണ്ണേഴ്സിനായി ഗോളുകൾ നേടി.
പോർച്ചുഗീസ് ക്ലബായ എഫ്സി ബ്രാഗയെ തകർത്താണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ വിജയം. ഫ്രഞ്ച് ക്ലബായ ആർസി ലെൻസിനെ ഡച്ച് ക്ലബായ പിഎസ്വി ഐന്തോവൻ സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
പോർച്ചുഗീസ് ചാമ്പ്യന്മാരായ ബെൻഫീക എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് ക്ലബായ റയൽ സോസിഡാഡിനോട് തോറ്റു. എഫ്.സി കോപന്ഹാഗനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. ഹാരി മഗ്വേർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടി.