
ലണ്ടന്: ഇംഗ്ലണ്ടിന്റെ ഫുട്ബോള് ഇതിഹാസം ബോബി ചാള്ട്ടണ് (86) അന്തരിച്ചു. ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്. 1966ല് ഫിഫ ലോകകപ്പില് കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു.
Sir Bobby Charlton CBE, 1937-2023.
— Manchester United (@ManUtd) October 21, 2023
Words will never be enough.
മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിലൂടെ കടന്നുവന്ന ബോബി ചാള്ട്ടണ് ക്ലബ്ബിന് വേണ്ടിയാണ് കരിയറിലെ ഭൂരിഭാഗം സമയവും നീക്കിവെച്ചത്. 1956ലാണ് ചാള്ട്ടണ് യുണൈറ്റഡിന് വേണ്ടിയില് അരങ്ങേറ്റം കുറിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ സൂപ്പര് താരമായിരുന്നു ബോബി ചാള്ട്ടണ്. 'ചുവന്ന ചെകുത്താന്മാര്'ക്കായി 758 മത്സരം കളിച്ച ചാള്ട്ടണ് 249 ഗോളുകളാണ് അടിച്ചു കൂട്ടിയത്. മാഞ്ചസ്റ്ററിനായി ഏറ്റവും കൂടുതല് മത്സരങ്ങള് കളിച്ച താരങ്ങളുടെ പട്ടികയില് രണ്ടാമതാണ് ബോബി ചാള്ട്ടണ്. യുണൈറ്റഡിന്റെ കുപ്പായത്തില് യൂറോപ്യന് കപ്പ്, എഫ്എ കപ്പ്, മൂന്ന് പ്രീമിയര് ലീഗ് കിരീടങ്ങള് എന്നിവ നേടിയിട്ടുണ്ട്. 1968 ല് യൂറോപ്യന് കപ്പ് നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബായി മാഞ്ചസ്റ്റര് യുണൈറ്റഡിനെ ഉയര്ത്തുന്നതിലും ചാള്ട്ടണിന്റെ സാന്നിധ്യമുണ്ടായിരുന്നു.
Eternally grateful.
— Manchester United (@ManUtd) October 21, 2023
United forever.
🌹 pic.twitter.com/scijIAEB3V
ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി 106 മത്സരങ്ങളില് ബൂട്ടണിഞ്ഞിട്ടുണ്ട്. 49 ഗോളുകളാണ് താരം ഇംഗ്ലീഷ് കുപ്പായത്തില് അടിച്ചുകൂട്ടിയത്. 2015 ല് വെയ്ന് റൂണി തകര്ക്കുന്നത് വരെ ഇംഗ്ലണ്ട് ദേശീയ ടീമിനായി ഏറ്റവും കൂടുതല് ഗോളുകള് നേടിയ താരമെന്ന റെക്കോഡ് ചാള്ട്ടന്റെ പേരിലായിരുന്നു.
1966ല് ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് നേടിയപ്പോഴും ചാള്ട്ടന്റെ ബൂട്ടുകള് ചാട്ടുളിയായിരുന്നു. സെമിഫൈനലില് ഇംഗ്ലണ്ട് പോര്ട്ടുഗലിനെതിരെ 2-1ന്റെ വിജയം നേടിയപ്പോള് രണ്ടും ഗോളുകളും പിറന്നത് ബോബി ചാള്ട്ടന്റെ ബൂട്ടില് നിന്നായിരുന്നു.