

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കൊപ്പം ഇന്ത്യ 'എ' മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലെ സമയക്രമീകരണത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ ആശങ്ക പ്രകടിപ്പിച്ചു. ആഭ്യന്തര ടൂര്‍ണമെന്റുകളുടെ പ്രാധാന്യം കുറയ്ക്കരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. രഞ്ജി ട്രോഫി സീസണ്‍ ആരംഭിച്ച ദിവസം തന്നെ ഇന്ത്യ 'എ' - ഓസ്‌ട്രേലിയ 'എ' മത്സരത്തിന്റെ അവസാന ദിനവുമായി ഒത്തു വന്നതിനാല്‍ പ്രമുഖ കളിക്കാര്‍ക്ക് സ്വന്തം സംസ്ഥാന ടീമുകള്‍ക്കായി കളിക്കാന്‍ സാധിച്ചില്ല. ആഭ്യന്തര മത്സരങ്ങളുടെ നിലവിലെ ഘടന കാരണം കളിക്കാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രജത് പാട്ടിദാര്‍, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് ഇന്ത്യ 'എ' ടീമിലെ മത്സരങ്ങള്‍ കാരണം ആദ്യ ഘട്ട ആഭ്യന്തര മത്സരങ്ങള്‍ നഷ്ടമായി. ഈ മാസാവസാനം മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യ 'എ' ടീം ന്യൂസീലന്‍ഡിലേക്ക് പര്യടനം നടത്താനിരിക്കെ, കളിക്കാര്‍ക്ക് വീണ്ടും ആഭ്യന്തര മത്സരങ്ങള്‍ നഷ്ടപ്പെടും.
മത്സരങ്ങള്‍ തമ്മില്‍ സമയക്രമത്തില്‍ കൂട്ടിയിടിക്കരുതെന്ന് പറഞ്ഞ ഗവാസ്‌കര്‍, രാജ്യാന്തര തലത്തില്‍ ശോഭിക്കാന്‍ ശേഷിയുള്ള കളിക്കാരെ കണ്ടെത്തുന്നതില്‍ ഇന്ത്യ 'എ' മത്സരങ്ങള്‍ക്കുള്ള പ്രാധാന്യവും എടുത്തുപറഞ്ഞു. മിഡ്-ഡേ പത്രത്തിലെ തന്റെ കോളത്തില്‍ അദ്ദേഹം കുറിച്ചു: 'മുമ്പ് അത്ര മത്സരശേഷിയില്ലാതിരുന്ന ടീമുകള്‍ പോലും ഇപ്പോള്‍ രഞ്ജി ട്രോഫി കിരീടം നേടുന്നത് കാണുമ്പോള്‍ എലൈറ്റ് ഡിവിഷനിലെ നിലവാരം വലിയ അളവില്‍ തുല്യമായി മാറിയെന്ന് വ്യക്തമാണ്. അത് വളരെ പ്രോത്സാഹനജനകമാണ്. എങ്കിലും, പ്രമുഖ അന്താരാഷ്ട്ര ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ വളരെ കുറച്ചുമാത്രം കളിക്കുന്നതിനാല്‍, ചില കളിക്കാരുടെ യഥാര്‍ത്ഥ മികവ് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്.' 'രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും വിക്കറ്റും നേടുന്ന ചില കളിക്കാര്‍ ഇന്ത്യയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഇത് വ്യക്തമായി കാണാം. അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ ബുദ്ധിമുട്ടുകയും പലരും പെട്ടെന്ന് തന്നെ ടീമില്‍ നിന്ന് പുറത്താവുകയും ചെയ്യുന്നു. ചിലര്‍ ടീമിന്റെ പടിവാതില്‍ക്കല്‍ തുടരുമെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാറില്ല' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തരായ എതിരാളികള്‍ ഇല്ലാത്തതാണ് കളിക്കാര്‍ക്ക് വലിയ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അവസരമൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇതിന് എളുപ്പമുള്ള ഒരു പരിഹാരമില്ല. അന്താരാഷ്ട്ര തലത്തില്‍ ആരാണ് കൂടുതല്‍ വിജയിക്കാന്‍ സാധ്യതയുള്ളതെന്നും ആരാണ് രഞ്ജി ട്രോഫിയില്‍ മാത്രം തിളങ്ങുന്നതെന്നും തിരിച്ചറിയാന്‍ 'എ' ടീം മത്സരങ്ങള്‍ തീര്‍ച്ചയായും സഹായിക്കും. കൂടുതല്‍ 'എ' ടീം മത്സരങ്ങള്‍ നടത്തുന്നതില്‍ അര്‍ത്ഥമുണ്ട്, എന്നാല്‍ അത് രഞ്ജി ട്രോഫി പോലുള്ള പ്രധാന ആഭ്യന്തര മത്സരങ്ങള്‍ നടക്കുന്ന സമയത്താവരുത്. കാരണം, മത്സരം ദുര്‍ബലമാകുമ്പോള്‍ ഒരു ബാറ്റര്‍ ഒരു രഞ്ജി സീസണില്‍ 2000 റണ്‍സോ, ഒരു ബൗളര്‍ 100 വിക്കറ്റോ നേടിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല' -അദ്ദേഹം എഴുതി.
എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ആഭ്യന്തര ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയത് മത്സരത്തിന്റെ മൊത്തത്തിലുള്ള നിലവാരം കുറച്ചതായും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. 'രഞ്ജി ട്രോഫിയുടെ പ്ലേറ്റ് ഡിവിഷനില്‍ പോലും ബാറ്റിംഗിലും ബൗളിംഗിലും പുതിയ റെക്കോര്‍ഡുകള്‍ കുറിക്കപ്പെടുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും രഞ്ജി ട്രോഫിയില്‍ ഉള്‍പ്പെടുത്തണമെന്ന് ലോധ കമ്മിറ്റി ശുപാര്‍ശ ചെയ്തപ്പോള്‍ ടൂര്‍ണമെന്റിന്റെ മൊത്തത്തിലുള്ള നിലവാരം താഴേക്ക് പതിക്കുകയാണുണ്ടായത്' -ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. 'പുതിയ സംസ്ഥാന ടീമുകളില്‍ പലതിനും ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. അതിനാല്‍ സ്വന്തം സംസ്ഥാന ടീമുകളില്‍ ഇടം ലഭിക്കാത്ത മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കളിക്കാരെ അവര്‍ ടീമിലെടുത്തു. സ്വന്തം സംസ്ഥാന ടീമുകളില്‍ ഇടംപിടിക്കാന്‍ കഴിയാത്ത മികച്ച കളിക്കാരായിരുന്നു ഇവര്‍, അങ്ങനെ അവര്‍ പ്ലേറ്റ് ഡിവിഷനിലെ ടീമുകളിലേക്ക് പോയി. എലൈറ്റ് ഡിവിഷനിലെ ടീമുകള്‍ക്കെതിരെ കളിച്ചപ്പോള്‍ അവര്‍ പരാജയപ്പെടുകയും ഡിവിഷനുകള്‍ തമ്മിലുള്ള നിലവാരത്തിന്റെ വലിയ വ്യത്യാസം തുറന്നുകാട്ടപ്പെടുകയും ചെയ്തു. എന്നിരുന്നാലും രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിനാല്‍ ഈ റെക്കോര്‍ഡുകള്‍ ഇപ്പോഴും റെക്കോര്‍ഡുകളായി തന്നെയാണ് കണക്കാക്കപ്പെടുന്നത്' -അദ്ദേഹം വ്യക്തമാക്കി.
content highlights: 'Ranji Trophy and India A Matches Scheduled Simultaneously?': Sunil Gavaskar Slams BCCI Scheduling