

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിക്ക് പ്ലെയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. 15-കാരനായ ഈ യുവതാരത്തിന് അന്താരാഷ്ട്ര അരങ്ങേറ്റം നല്‍കിയ ശേഷം, അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗ് സ്ഥാനത്തിനായി സഞ്ജു സാംസണെയും വൈഭവിനെയും മാറിമാറി പരീക്ഷിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാല്‍ ഇരുവരില്‍ ആര്‍ക്കും തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാന്‍ മാനേജ്മെന്റ് തയ്യാറായില്ല.
ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തില്‍ സഞ്ജുവിനെയാണ് ഇന്ത്യ ഓപ്പണറാക്കിയത്. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ അപ്രതീക്ഷിതമായി സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റി, വൈഭവിനെ അഭിഷേകിനൊപ്പം ഓപ്പണറായി ഇറക്കി.
തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും വൈഭവ് ഓപ്പണറായി തുടരുമെന്ന് കരുതിയെങ്കിലും ഇന്ത്യ വീണ്ടും മാറ്റത്തിന് മുതിരുകയായിരുന്നു. ആദ്യ മൂന്ന് ടി20 മത്സരങ്ങളിലും സഞ്ജുവിനാണ് അവസരം ലഭിച്ചത്; വൈഭവ് ബെഞ്ചിലിരിക്കേണ്ടിയും വന്നു. ഇതോടെ, ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്റ് യുവതാരത്തോട് കാണിക്കുന്ന സമീപനത്തിനെതിരെ വൈഭവിന്റെ ബാല്യകാല പരിശീലകനായ മനീഷ് ഓജ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. 'എന്നെ സംബന്ധിച്ചിടത്തോളം വൈഭവ് ഒരു കൊടുങ്കാറ്റാണ്. അവനെ നേരിടാന്‍ ശ്രമിക്കുന്നവര്‍ ഇന്ന് അല്ലെങ്കില്‍ നാളെ തകര്‍ന്നടിയുക തന്നെ ചെയ്യും' -മനീഷ് ഓജ പറഞ്ഞു. 'കളിക്കാരെ ബെഞ്ചിലിരുത്തിയാല്‍ മികച്ച താരങ്ങളാക്കി മാറ്റാമെന്നാണ് നിലവിലെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് കരുതുന്നത്. ക്രിക്കറ്റിലെ മറ്റ് പല ഇതിഹാസങ്ങളോടും സംസാരിച്ചു നോക്കൂ, അടുത്ത തലമുറയിലെ കളിക്കാരെ വളര്‍ത്തിയെടുക്കണമെങ്കില്‍ അവരെ മത്സര സാഹചര്യങ്ങളില്‍ ഇറക്കി കളിപ്പിക്കണമെന്ന് എല്ലാവരും പറയും. ബെഞ്ചില്‍ ഇരുത്തി ഒരു കളിക്കാരനെയും സൃഷ്ടിച്ചിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല. പ്രത്യേകിച്ച് ഇത്തരം അപാരമായ കഴിവുള്ള താരങ്ങളെ പുറത്തിരുത്തുമ്പോള്‍' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീം മാനേജ്മെന്റിന്റെ തീരുമാനങ്ങളെ 'ഏകാധിപത്യം' എന്ന് വിശേഷിപ്പിച്ചാണ് പരിശീലകന്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയത്. 'ഈ കുട്ടിക്ക് ഇനി അവസരം നല്‍കില്ല എന്ന് അവര്‍ ഉറപ്പിച്ചു കാണും… അവനെ പുറത്തിരുത്തി നിരാശനാക്കുക, അവന്‍ പുറത്തിരുന്ന് വെള്ളം കോരി കൊടുക്കുകയാണ്. ഇപ്പോള്‍ ഇവിടെയുള്ള മാനേജ്മെന്റ് ഏകാധിപത്യപരമായ രീതിയാണ് പിന്തുടരുന്നതെന്ന് എനിക്ക് തോന്നുന്നു. തങ്ങള്‍ക്ക് തോന്നുമ്പോലെ അവര്‍ എന്തും ചെയ്യും' -അദ്ദേഹം ചോദിച്ചു.
content highlights: 'Dictatorship': Former Coach Slams Management for Benching Young Prodigy Vaibhav Suryavanshi