'ടി20 ലോകകപ്പില്‍നിന്ന് പിന്മാറേണ്ടിയിരുന്നില്ല' -തുറന്നടിച്ച് തമീം ഇഖ്ബാല്‍

ടി20 ലോകകപ്പ് വിഷയത്തില്‍ ബംഗ്ലാദേശിന് വീഴ്ച പറ്റിയെന്നും ഇന്ത്യക്കെതിരായ പരമ്പര മാറ്റിവെച്ചിട്ടില്ലെന്നും തുറന്നുപറഞ്ഞ് തമീം ഇഖ്ബാല്‍

'ടി20 ലോകകപ്പില്‍നിന്ന് പിന്മാറേണ്ടിയിരുന്നില്ല' -തുറന്നടിച്ച് തമീം ഇഖ്ബാല്‍
dot image

2026-ലെ ടി20 ലോകകപ്പില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പിന്മാറ്റവും ചര്‍ച്ചകളും കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തമീം ഇഖ്ബാല്‍. വിഷയത്തില്‍ ആദ്യമേ തന്നെ തിരികെ വരാന്‍ സാധിക്കാത്ത ഘട്ടത്തിലേക്ക് ബംഗ്ലാദേശ് എത്തിയത് തിരിച്ചടിയായെന്ന് തമീം തുറന്നുസമ്മതിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തമീം ഇഖ്ബാല്‍ മനസ്സ് തുറന്നത്.

ഐപിഎല്ലിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ ദോഷകരമായി ബാധിച്ചത്. ഇതേത്തുടര്‍ന്ന് സുരക്ഷാ ആശങ്കകളും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങളുമാണ് ലോകകപ്പില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമായത്. എന്നാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി ശ്രദ്ധയോടെ ചര്‍ച്ച ചെയ്യാമായിരുന്നുവെന്ന് തമീം അഭിപ്രായപ്പെട്ടു.

'മുസ്തഫിസുറിന്റെ കാര്യത്തില്‍ രാജ്യത്തൊട്ടാകെ വലിയ നിരാശയുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ നമ്മള്‍ കളിക്കാന്‍ പോകുന്നത് ഒരു ലോകകപ്പാണ്. അതിനാല്‍ ഈ വിഷയം ഇതിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു. ചര്‍ച്ചകളുടെ ആദ്യ ദിനം തന്നെ ഇനി തിരിച്ചുവരവില്ലാത്ത വിധം കടുത്ത നിലപാടിലേക്ക് പോയത് ശരിയായില്ല' -തമീം പറഞ്ഞു. ചര്‍ച്ചകള്‍ക്കിടയില്‍ നടന്ന പല കാര്യങ്ങളും പരസ്യമാക്കാന്‍ സാധിക്കില്ലെന്നും അത് പലരെയും അത്ഭുതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ തര്‍ക്കങ്ങളിലേക്ക് കായിക മേഖലയെ വലിച്ചിഴയ്ക്കരുത് എന്ന് തമീം പറഞ്ഞു. 'ചില സന്ദര്‍ഭങ്ങളില്‍ കായികരംഗത്തെ കായികരംഗമായി തന്നെ കാണണം. യുദ്ധ അന്തരീക്ഷത്തിലും ഇറാന്‍ യുഎസില്‍ പോയി കളിച്ച ചരിത്രമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ പലപ്പോഴും ഇതിനെ മറ്റ് കാര്യങ്ങളുമായി കൂട്ടിക്കുഴക്കുന്നു' -തമീം വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം റദ്ദാക്കപ്പെടുമെന്ന് കരുതുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഇതുവരെ ഉപേക്ഷിച്ചിട്ടില്ലെന്നും തമീം വെളിപ്പെടുത്തി. പരമ്പരയ്ക്കായി പുതിയ സമയക്രമം കണ്ടെത്താന്‍ ബിസിസിഐയും ബിസിബിയും തമ്മില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇരു ബോര്‍ഡുകള്‍ക്കും പോസിറ്റീവായ നിലപാടാണ് ഉള്ളതെന്നും പുതിയ തീയതികള്‍ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും തമീം ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.

content highlights: "We Should Have Played the T20 World Cup": Tamim Iqbal Criticizes BCB's Decision

dot image
To advertise here,contact us
dot image