തളിപ്പറമ്പിലെ പ്രസംഗം; 'പിണറായി വിജയൻ പറഞ്ഞത് പാർട്ടിക്കെതിരെ നിന്നവരെക്കുറിച്ച്'; ന്യായീകരിച്ച് T P രാമകൃഷ്ണൻ

പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിച്ചവര്‍ തിരുത്തി വരണം എന്നാണ് പിണറായി വിജയന്‍ ഉദ്ദേശിച്ചതെന്നും ടി പി രാമകൃഷ്ണൻ

തളിപ്പറമ്പിലെ പ്രസംഗം; 'പിണറായി വിജയൻ പറഞ്ഞത് പാർട്ടിക്കെതിരെ നിന്നവരെക്കുറിച്ച്'; ന്യായീകരിച്ച് T P രാമകൃഷ്ണൻ
dot image

കോഴിക്കോട്: തളിപ്പറമ്പിലെ പരാജയത്തില്‍ അണികളെ പഴിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പാര്‍ട്ടി അണികള്‍ക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞത് പാര്‍ട്ടിക്കെതിരെ നിന്നവരെക്കുറിച്ചാണെന്നാണ് ടി പി രാമകൃഷ്ണന്‍ പറഞ്ഞത്. പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിച്ചവര്‍ തിരുത്തി വരണം എന്നാണ് പിണറായി വിജയന്‍ ഉദ്ദേശിച്ചത്. അത് ശരിയാണല്ലോയെന്നും ടി പി രാമകൃഷ്ണന്‍ ചോദിച്ചു.

'അണികള്‍ക്ക് തെറ്റുപറ്റി എന്ന് പറഞ്ഞത് പാര്‍ട്ടി അണികളെ ഉദ്ദേശിച്ചാണ്. പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിച്ചവര്‍ തിരികെ വരണം എന്നാണ് ഉദ്ദേശിച്ചത്. അത് ശരിയാണല്ലോ?. മാധ്യമങ്ങള്‍ പല രീതിയില്‍ ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. പാര്‍ട്ടി അണികളായ ചിലര്‍ പാര്‍ട്ടിക്ക് എതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അവര്‍ ആ തെറ്റ് തിരുത്തണം എന്ന അഭ്യര്‍ത്ഥനയാണ് പിണറായി നടത്തിയത്. അതിനെ അങ്ങനെയേ കാണേണ്ടതുള്ളൂ', ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തളിപ്പറമ്പില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായി വിജയന്‍ അണികളെ പഴിച്ചത്. 'നിങ്ങളെ വഴിതെറ്റിച്ചത് എന്താണെന്ന് ഗൗരവമായി പരിശോധിക്കണം' എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങള്‍ വിശ്വാസത്തിലെടുത്തതെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു. നിങ്ങള്‍ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും തിരുത്താന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനോടാണ് ടി പി രാമകൃഷ്ണന്റെ പ്രതികരണം.

പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട വിവാദത്തിലും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. കീഴ്‌വഴക്കം നോക്കിയാല്‍ ഉപനേതൃപദവി സിപിഐഎമ്മിന് അവകാശപ്പെട്ടതാണെന്നായിരുന്നു ടി പി രാമകൃഷ്ണന്‍ പറഞ്ഞത്. പരസ്പരം സംസാരിച്ച് തീര്‍ക്കണം എന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. ചര്‍ച്ചകളിലൂടെ പരിഹാരം കാണും. പാര്‍ട്ടി മുഖപത്രങ്ങളില്‍ അഭിപ്രായം സ്വതന്ത്ര്യമായി പറയുന്നതില്‍ തെറ്റില്ല. പരസ്പര ബന്ധത്തിന് അകല്‍ച്ചയുണ്ടാക്കുന്ന രീതി സ്വീകരിക്കാന്‍ പാടില്ലെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- CPI(M) leader T P Ramakrishnan defended Pinarayi Vijayan’s remarks made during a speech in Thaliparamba. Ramakrishnan said Vijayan was referring to people who had stood against the party

dot image
To advertise here,contact us
dot image