സീസണിലെ മൂനാം സെഞ്ച്വറിയുമായി അസ്ഹറുദ്ദീൻ; കൊല്ലം സെയിലേഴ്സിനെതിരെ ആലപ്പി റിപ്പിൾസിന് വമ്പൻ ജയം

ഏരീസ് കൊല്ലം സെയിലേഴ്സിനെ 83 റൺസിന് തകർത്ത് ആലപ്പി റിപ്പിൾസ്

സീസണിലെ മൂനാം സെഞ്ച്വറിയുമായി അസ്ഹറുദ്ദീൻ; കൊല്ലം സെയിലേഴ്സിനെതിരെ ആലപ്പി റിപ്പിൾസിന് വമ്പൻ ജയം
dot image

ബാറ്റിങ് റെക്കോർഡുകൾ കടപുഴകിയ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ 83 റൺസിന് തകർത്ത് ആലപ്പി റിപ്പിൾസ്. റിപ്പിൾസ് ഉയർത്തിയ 254 റൺസിൻ്റെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത സെയിലേഴ്സിന് 170 റൺസ് മാത്രമാണ് നേടാനായത്.

ആദ്യം ബാറ്റ് ചെയ്ത റിപ്പിൾസ് 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് നേടിയത്. കെസിഎല്ലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.

ആലപ്പി റിപ്പിൾസ് - 20 ഓവറിൽ 253/1, ഏരീസ് കൊല്ലം സെയിലേഴ്സ് - 17.1 ഓവറിൽ 170/9
(17.1 Overs)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റിപ്പിൾസിന് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ആകാശ് പിള്ള തുടങ്ങിയത്. തുടർന്ന് കണ്ടത് കൂറ്റൻ ഷോട്ടുകളുടെ പെരുമഴയാണ്. പവൻ രാജിനൊഴികെ സെയിലേഴ്സ് ബൗളിങ് നിരയിലാർക്കും റിപ്പിൾസിന്റെ സ്കോറിങ് നിയന്ത്രിച്ചു നിർത്താനായില്ല. അഞ്ചാം ഓവറിൽ തന്നെ റിപ്പിൾസിന്റെ സ്കോർ അൻപതിലെത്തി. തന്റെ മാന്ത്രിക ഫോം തുടർന്ന മുഹമ്മദ് അസ്ഹറുദ്ദീൻ വെറും 23 പന്തുകളിൽ നിന്നാണ് അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. മറുവശത്ത് ആകാശ് പിള്ള അസറിന് മികച്ച പിന്തുണ നൽകി.

സെയിലേഴ്സിന്റെ ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അസ്ഹറുദ്ദീനും ആകാശും ചേർന്ന് 8.3 ഓവറിൽ റിപ്പിൾസിന്റെ സ്കോർ 100 കടത്തി. സ്കോർ 155ൽ നിൽക്കെ 14-ാം ഓവറിലെ ആദ്യ പന്തിലാണ് റിപ്പിൾസിന്റെ ഏക വിക്കറ്റ് വീണത്. 42 പന്തിൽ 72 റൺസെടുത്ത ആകാശ് പിള്ള, എ.ജി. അമലിന്റെ പന്തിൽ എസ്. മിഥുൻ ക്യാച്ചെടുത്താണ് പുറത്തായത്. 11 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ആകാശിന്റെ ഇന്നിങ്സ്. തുടർന്നെത്തിയ സച്ചിൻ ബേബിയും ആഞ്ഞടിച്ചതോടെ 17-ാം ഓവറിൽ സ്കോർ 200ൽ എത്തി.

തൊട്ടുപിന്നാലെ അസ്ഹറുദ്ദീൻ തന്റെ മൂന്നാം സെഞ്ചുറിയും പൂർത്തിയാക്കി. കെസിഎൽ ചരിത്രത്തിലാദ്യമായാണ് ഒരു താരം മൂന്ന് സെഞ്ചുറി നേടുന്നത്. 23 പന്തിൽ അൻപത് തികച്ച അസർ, 48 പന്തിലാണ് നൂറിലെത്തിയത്. ഈ സീസണിൽ സെയിലേഴ്സിനെതിരെയുള്ള ആദ്യ മത്സരത്തിലും അസർ സെഞ്ചുറി നേടിയിരുന്നു. ഇന്നിങ്സിനിടെ അസർ ഈ സീസണിൽ 500 റൺസും പൂർത്തിയാക്കി.

ഏഴ് ഇന്നിങ്സുകളിൽ നിന്ന് മൂന്ന് സെഞ്ചുറിയും മൂന്ന് അർദ്ധ സെഞ്ചുറിയുമടക്കം 526 റൺസാണ് സീസണിൽ അസ്ഹറുദ്ദീൻ ഇതുവരെ നേടിയത്. 52 പന്തിൽ നാല് ഫോറും എട്ട് സിക്സുമടക്കം 107 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു. മറുവശത്ത് സച്ചിൻ ബേബിയും തകർപ്പൻ ഇന്നിങ്സാണ് കാഴ്ചവച്ചത്. 26 പന്തുകളിൽ നാല് ഫോറും ഏഴ് സിക്സുമടക്കം 68 റൺസാണ് സച്ചിൻ നേടിയത്. കെ.ജി. അഖിൽ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം നാല് പന്തിൽ 22 റൺസാണ് സച്ചിൻ അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സെയിലേഴ്സിന് ആദ്യ പന്തിൽ തന്നെ ആനന്ദ് കൃഷ്ണന്റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ വത്സൽ ഗോവിന്ദ് തകർത്തടിച്ച് തുടങ്ങിയെങ്കിലും 26 റൺസുമായി മടങ്ങി. എന്നാൽ അഭിഷേക് ജെ. നായരും അജിനാസും ചേർന്ന് മൂന്നാം വിക്കറ്റിൽ 79 റൺസ് കൂട്ടിച്ചേർത്തു. അതിവേഗം സ്കോർ ഉയർത്തിയ ഇരുവരും ചേർന്ന് ഒൻപതാം ഓവറിൽ തന്നെ സ്കോർ 100 കടത്തി. എന്നാൽ 111ൽ നിൽക്കെ അഭിഷേക് നായർ പുറത്തായി. 26 പന്തുകളിൽ അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 47 റൺസാണ് അഭിഷേക് നേടിയത്.

അഭിഷേകിന് ശേഷമെത്തിയ അർജുൻ വേണുഗോപാലും മികച്ച രീതിയിൽ ബാറ്റ് വീശി. അർജുനും അജിനാസും ചേർന്ന് മൂന്ന് ഓവറിൽ 34 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഒരേ ഓവറിൽ ഇരുവരെയും പുറത്താക്കി ശ്രീരൂപ് കളി റിപ്പിൾസിന്റെ വരുതിയിലാക്കി. അജിനാസ് 38ഉം അർജുൻ വേണുഗോപാൽ 21ഉം റൺസെടുത്തു. 24 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായതോടെ 170 റൺസിന് സെയിലേഴ്സിന്റെ ഇന്നിങ്സിന് അവസാനമായി. നാല് ഓവറിൽ 42 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ശ്രീരൂപാണ് റിപ്പിൾസിന്റെ ബൗളിങ് നിരയിൽ തിളങ്ങിയത്. അഖിൽ ദേവ് മൂന്നും അജിത് പ്രവീൺ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

content highlights: kcl 2026 mohammed azharuddeen third century alleppey ripples win against kollam sailors

dot image
To advertise here,contact us
dot image