പഴയ ആ കോടീശ്വരനല്ല; ആകെ ബാക്കിയുള്ളത് പിഴതുകയായ 6.5 കോടി; വരുമാനം വീട്ടുവാടക മാത്രം; സുഭാഷ് ചന്ദ്ര

ഇന്ന് താൻ ലളിതമായ ജീവിതമാണ് നയിക്കുന്നത് എന്നും ആകെയുള്ള ഒരു വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ് എന്നും സുഭാഷ് ചന്ദ്ര പറയുന്നു

പഴയ ആ കോടീശ്വരനല്ല; ആകെ ബാക്കിയുള്ളത് പിഴതുകയായ 6.5 കോടി; വരുമാനം വീട്ടുവാടക മാത്രം; സുഭാഷ് ചന്ദ്ര
dot image

ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഒരു വാർത്ത വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സുഭാഷ് ചന്ദ്രയ്ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ തിരിച്ചടയ്ക്കാനുള്ള കോടികളുടെ ബാധ്യതയിൽ എന്‍സിഎല്‍ടി വന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു എന്നതായിരുന്നു ആ വാർത്ത. 22,000 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ സുഭാഷ് ചന്ദ്ര കേവലം ആറര കോടി രൂപ നല്‍കിയാല്‍ മതി എന്നാണ് ട്രിബ്യൂണലിന്റെ വിചിത്ര ഉത്തരവ്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സുഭാഷ് ചന്ദ്ര തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

തന്റെ പക്കൽ ആകെയുള്ളത് പിഴയായി ഈടാക്കാൻ ഉത്തരവിട്ട ആറര കോടി രൂപയാണെന്നും സ്വത്തുക്കൾ എല്ലാം താൻ വിറ്റുവെന്നുമാണ് സുഭാഷ് ചന്ദ്ര പറയുന്നത്. ഈ പണമാണ് താൻ നൽകാൻ പോകുന്നത്. കുടുംബ സ്വത്തുക്കൾ എല്ലാം താൻ വിറ്റു. 'സീ' കമ്പനിയും വിറ്റു. സ്വന്തം വീട് വരെ വിറ്റ് താൻ പണം നൽകിയെന്നും സുഭാഷ് ചന്ദ്ര പറയുന്നു.

ഇന്ന് താൻ ലളിതമായ ജീവിതമാണ് നയിക്കുന്നത് എന്നും ആകെയുള്ള ഒരു വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ് എന്നും സുഭാഷ് ചന്ദ്ര പറയുന്നു. ആ വാടക പണത്തിലാണ് തന്റെ കാര്യങ്ങൾ നടന്നുപോകുന്നത്. താൻ എല്ലാം വീണ്ടും നേടിയെടുക്കുമെന്നും അതിനുള്ള വഴി തനിക്ക് അറിയാമെന്നും സുഭാഷ് ചന്ദ്ര പറയുന്നു. കുടുംബാംഗങ്ങളുടെ സഹായത്തോടെയും നിക്ഷേപങ്ങളിലൂടെയും താൻ പണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.

സുഭാഷ് ചന്ദ്രയ്‌ക്കെതിരെ ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുള്‍സ് നല്‍കിയ കേസിലായിരുന്നു ട്രിബ്യൂണൽ വിധി പ്രഖ്യാപിച്ചത്. വ്യക്തിഗത പാപ്പരത്ത തിരിച്ചടവ് പദ്ധതിക്ക് എന്‍സിഎല്‍ടി അംഗീകാരം നല്‍കുകയായിരുന്നു. ഇതോടെ വായ്പാ ദാതാക്കള്‍ക്ക് ലഭിക്കേണ്ട 99.97% തുക നഷ്ടപ്പെടും എന്നാണ് വിവരം. ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി (ഐബിസി) നിയമപ്രകാരമാണ് കേസ് ഒത്തുതീര്‍പ്പാക്കിയിരിക്കുന്നത്. സുഭാഷ് ചന്ദ്രയുടെ തന്നെ സ്ഥാപനമായ വിവേക് ഇന്‍ഫോകോണിന് വേണ്ടി 170 കോടി രൂപ ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് എന്‍സിഎല്‍ടിസിയെ സമീപിച്ചത്.

കടക്കാരന്‍ മുന്നോട്ട് വെക്കുന്ന തിരിച്ചടവ് പദ്ധതിക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന അംഗീകാരത്തിനാണ് ഐബിസി നിയമപ്രകാരം മുന്‍ഗണന നല്‍കുന്നത്. ഇതനുസരിച്ചാണ് എന്‍സിഎല്‍ടി കേസ് പരിഗണിക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള 88 ശതമാനം ധനകാര്യ സ്ഥാപനങ്ങളും സുഭാഷ് ചന്ദ്രയുടെ തിരിച്ചടവ് പദ്ധതിയെ അംഗീകരിച്ച സാഹചര്യത്തിലാണ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്. നേരത്തെ ഈ വിഷയത്തില്‍ ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നവിധിയുണ്ടായതിനെ തുടര്‍ന്ന് മൂന്നാമതൊരു അംഗത്തിന്റെ വിലയിരുത്തലിലേക്ക് എന്‍സിഎല്‍ടി വിട്ടിരുന്നു.

Content Highlights:Zee founder Subhash Chandra stated that he sold his family properties, Zee company holdings and even his house to arrange the six and half crore rupees penalty amount ordered against him. He said the available money from these asset sales will be used for the payment.

dot image
To advertise here,contact us
dot image