

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കോട്ടക്. വൈറല്‍ പനി ബാധിച്ചതിനാലാണ് കുല്‍ദീപിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്നതെന്നും, ഒരു കളിക്കാരനെ ടീമില്‍ നിന്ന് പുറത്തിരുത്താന്‍ അസുഖവിവരം വ്യാജമായി പറയാന്‍ ബിസിസിഐ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്താമാക്കി.
ഗാലെ ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ കുല്‍ദീപ് യാദവിന് പകരം കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഓഫ് സ്പിന്നര്‍ സാരന്‍ഷ് ജെയ്ന്‍ അരങ്ങേറി. എന്നാല്‍, മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനങ്ങളില്‍ ഉയര്‍ന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. ആദ്യ പരീശീലന സമയത്ത് കുല്‍ദീപിന് 'വിശ്രമം' അനുവദിച്ചിരിക്കുകയാണെന്നാണ് ബൗളിംഗ് പരിശീലകന്‍ സായിരാജ് ബഹുതുലെ പറഞ്ഞിരുന്നത്. എന്നാല്‍ ടോസ് സമയത്ത് നായകന്‍ ശുഭ്മന്‍ ഗില്ലും പിന്നീട് ബിസിസിഐയും കുല്‍ദീപിന് 'വൈറല്‍ പനി' ബാധിച്ചതിനാലാണ് തഴഞ്ഞതെന്ന് അറിയിക്കുകയായിരുന്നു. ബാറ്റിങ്ങില്‍ തിളങ്ങാത്തതുകൊണ്ട് തന്ത്രപരമായി ഒഴിവാക്കിയ ശേഷം ബിസിസിഐ വ്യാജമായ കാരണം പറയുകയാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നു.
അതേസമയം, ഒന്നാം ദിനത്തിലെ കളിക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് കോച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. 'ഗാലെ ടെസ്റ്റ് കഴിഞ്ഞ് തിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് തൊണ്ടവേദനയും പനിയുമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങളായി അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ഏതെങ്കിലും ഒരു കളിക്കാരനെ ഒഴിവാക്കാന്‍ വേണ്ടി വ്യാജമായ കാരണം ചമയ്‌ക്കേണ്ട യാതൊരു ആവശ്യവും ടീം മാനേജ്മെന്റിനോ ബോര്‍ഡിനോ ഇല്ല.' -അദ്ദേഹം പറഞ്ഞു. കുല്‍ദീപ് ഫിറ്റായിരുന്നുവെങ്കില്‍ ഈ മത്സരത്തില്‍ കളിക്കുമായിരുന്നോ എന്ന ചോദ്യം പ്രസക്തമല്ലെന്നും, ലഭ്യമായ കളിക്കാരില്‍ നിന്നാണ് ഏറ്റവും മികച്ച പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കന്‍ ബാറ്റിംഗ് നിരയില്‍ കൂടുതല്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ ഉള്ളതിനാലും, പിച്ചിലെ അനുകൂല സാഹചര്യങ്ങള്‍ പരിഗണിച്ചുമാണ് സാരന്‍ഷ് ജെയ്‌ന് അവസരം നല്‍കിയതെന്നാണ് ടീം മാനേജ്മെന്റിന്റെ വിശദീകരണം.
content highlights: Kuldeep Yadav Has Viral Fever; Batting Coach Responds to Dropping Controversies