

22 വര്‍ഷം പഴക്കമുള്ള ക്രിമിനല്‍ കേസില്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാര്‍ട്ടിനെ പട്യാല ഹൗസ് കോടതി എല്ലാ കുറ്റങ്ങളില്‍ നിന്നും വെറുതെ വിട്ടു. 2004-ലാണ് താരത്തിനെതിരെ കേസെടുത്തിരുന്നത്. വ്യാജ യുകെ ഇമിഗ്രേഷന്‍ സ്റ്റാമ്പ്, യാത്രാ ക്രമീകരണങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജേക്കബ് മാര്‍ട്ടിനെതിരെയുണ്ടായിരുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ 'അജ്വ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ' ഉടമസ്ഥതയെക്കുറിച്ചോ തെളിവുകളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. പല സാക്ഷികള്‍ക്കും ആരോപണങ്ങള്‍ തെളിയിക്കാനും കഴിഞ്ഞില്ല.
2004-ല്‍ തന്റെ ടീമിലെ ഒരംഗം യുകെ വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടരുകയും, തുടര്‍ന്ന് വ്യാജ ഇമിഗ്രേഷന്‍ സ്റ്റാമ്പ് സംഘടിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തതോടെയാണ് കേസിന്റെ തുടക്കമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. ആദ്യ എഫ്.ഐ.ആറില്‍ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എന്ന പ്രശസ്തി കാരണം പിന്നീട് നടന്ന അന്വേഷണത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ 22 വര്‍ഷത്തെ കേസ് തനിക്ക് വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും റെയില്‍വേയിലെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും പറഞ്ഞ മാര്‍ട്ടിന്‍, കോടതിയുടെ വിധി വലിയ ആശ്വാസമാണെന്നും ജീവിതത്തിലെ ഒരു വഴിത്തിരിവാണെന്നും കൂട്ടിച്ചേര്‍ത്തു.
'2004-ല്‍ എന്റെ ഒരു ടീം കളിക്കാനായി ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. കളിക്കാന്‍ പോയ ടീമില്‍ ഒരാള്‍ ഒഴികെ ബാക്കിയെല്ലാവരും തിരിച്ചെത്തി. ആ കുട്ടിയുടെ വിസ കാലാവധി 6 മാസമായിരുന്നു. എന്നാല്‍ അവന്‍ 6 മാസത്തില്‍ കൂടുതല്‍ അവിടെ തങ്ങി. തുടര്‍ന്ന് അവിടെയുള്ള ആരോ മുഖേന വ്യാജ സ്റ്റാമ്പിങ് നടത്തി. വ്യാജ സ്റ്റാമ്പിങ് നടത്തിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ അവനെ യുകെയില്‍ നിന്ന് നാടുകടത്തുകയും ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു' -മാര്‍ട്ടിന്‍ പറഞ്ഞു.
'എഫ്.ഐ.ആറില്‍ എന്റെ പേര് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ അന്വേഷണം നടന്നപ്പോള്‍, ഞാന്‍ ഒരു പ്രശസ്തനായ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായതുകൊണ്ട് മാത്രം എന്നെ ഈ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, കഴിഞ്ഞ 22 വര്‍ഷമായി ബിസിസിഐയില്‍ നിന്ന് എനിക്ക് യാതൊരു മറുപടിയും ലഭിച്ചില്ല. റെയില്‍വേയിലെ എന്റെ ജോലിയും നഷ്ടപ്പെട്ടു. ഇതുമൂലം എനിക്ക് വലിയ മാനസിക വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്ന വിധിയോടെ എനിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ വിധി ജീവിതത്തിലെ വലിയൊരു തിരിച്ചുവരവാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലങ്കയ്യന്‍ ബാറ്ററായ ജേക്കബ് മാര്‍ട്ടിന്‍ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയില്‍ 158 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്.
content highlights: 22-Year-Old Criminal Case: Former Indian Cricketer Jacob Martin Acquitted