വിജയത്തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാര്‍; കൊല്ലത്തെ 31 റണ്‍സിന് തോല്‍പ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കൊച്ചിക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടിയ സച്ചിന്‍ സുരേഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്

വിജയത്തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാര്‍; കൊല്ലത്തെ 31 റണ്‍സിന് തോല്‍പ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
dot image

കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 31 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്‌സിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് നേടാനായത്. കൊച്ചിക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടിയ സച്ചിന്‍ സുരേഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ കൊല്ലം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊച്ചിക്ക് വേണ്ടി ഇന്നിങ്‌സ് തുറന്ന വിനൂപ് മനോഹരനും വിപുല്‍ ശക്തിയും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിനൂപ് മനോഹരന്‍ 37 റണ്‍സും വിപുല്‍ ശക്തി 12 റണ്‍സുമെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ജോബിന്‍ ജോബിയും (7), മനുകൃഷ്ണനും (13), സാലി സാംസണും (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ടീം വലിയൊരു തകര്‍ച്ചയെ നേരിടുന്ന സമയത്ത് ക്രീസില്‍ ഒത്തുചേര്‍ന്ന സച്ചിന്‍ സുരേഷും കാര്‍ത്തിക് ബി. നായരും ചേര്‍ന്നാണ് കളിയുടെ ഗതി കൊച്ചിക്ക് അനുകൂലമാക്കിയത്.

അവസാന അഞ്ച് ഓവറില്‍ ഇരുവരും ചേര്‍ന്ന് 78 റണ്‍സാണ് അടിച്ചുകൂട്ടിയത്. സച്ചിന്‍ സുരേഷ് 32 പന്തുകളില്‍നിന്ന് 58 റണ്‍സും കാര്‍ത്തിക് ബി. നായര്‍ 17 പന്തുകളില്‍ 38 റണ്‍സും നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും അഞ്ച് സിക്‌സും നേടിയ സച്ചിന്‍ 28 പന്തുകളില്‍നിന്നാണ് അര്‍ധസെഞ്ചുറി തികച്ചത്. ഒരു ബൗണ്ടറിയും നാല് സിക്‌സുമടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്റെ ഇന്നിങ്‌സ്. കൊല്ലം സെയിലേഴ്‌സിനു വേണ്ടി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് അഭിഷേക് നായരും ആനന്ദ് കൃഷ്ണനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. 15 റണ്‍സെടുത്ത ആനന്ദ് കൃഷ്ണന്‍ കെ.എം. ആസിഫിന്റെ പന്തില്‍ സാലി സാംസണ്‍ പിടിച്ചു പുറത്തായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദും അഭിഷേക് നായരും ചേര്‍ന്ന കൂട്ടുകെട്ട് കൊല്ലത്തിന് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഇടവേളകളില്‍ പുറത്തായത് കൊല്ലത്തിന് തിരിച്ചടിയായി. അഭിഷേക് നായര്‍ 55-ഉം വത്സല്‍ ഗോവിന്ദ് 32-ഉം റണ്‍സ് നേടി. തുടര്‍ന്നെത്തിയ അജിനാസ് (7), സച്ചിന്‍ പി. എസ്. (7), അമല്‍ എ. ജി. (3) എന്നിവര്‍ക്കും നിലയുറപ്പിക്കാനായില്ല. അവസാന ഓവറുകളില്‍ കൂറ്റന്‍ ഷോട്ടുകളുമായി ഷറഫുദ്ദീന്‍ (28*) പൊരുതിയെങ്കിലും കൊല്ലത്തിന്റെ സ്‌കോര്‍ 158-ല്‍ ഒതുങ്ങി. കൊച്ചിക്ക് വേണ്ടി കെ.എം. ആസിഫും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

content highlights: Winning Start for Defending Champions: Kochi Blue Tigers Defeat Kollam Sailors by 31 Runs

dot image
To advertise here,contact us
dot image