

ഫുട്‌ബോള്‍ ലോകകപ്പില്‍ അരങ്ങേറ്റക്കാരായിരുന്നു കേപ് വെര്‍ദെ. പക്ഷെ, നേട്ടങ്ങളുടെ പട്ടികയില്‍ അവര്‍ ചരിത്രം കുറിച്ചാണ് മടങ്ങിയത്. കുഞ്ഞന്‍ രാജ്യത്തിന്റെ പോരാട്ട വീര്യം ഇപ്പോഴും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മധുരമനോഹര ഓര്‍മയാണ്. റൗണ്ട് ഓഫ് 32-വില്‍ അര്‍ജന്റീനയ്‌ക്കെതിരെ നേടിയ കേപ് വെര്‍ദെയുടെ ഗോളാണ് ഇപ്പോള്‍ മികച്ച ഗോളായി തിരഞ്ഞെടുത്തത്. അര്‍ജന്റീനയുടെ വലയിലേക്ക് ലോപ്പസ് കബ്രാള്‍ തൊടുത്ത കര്‍വിംഗ് ഷോട്ടാണ് മികച്ച ഗോളായി മാറിയത്. മയാമി ഗാര്‍ഡന്‍സില്‍ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തില്‍, എക്‌സ്ട്രാ ടൈമില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കെതിരെ (2-2) സമനില പിടിക്കാന്‍ ഈ ഗോളിലൂടെ കേപ് വേര്‍ദെയ്ക്ക് കഴിഞ്ഞു. എന്നാല്‍ മത്സരത്തില്‍ കേപ് വേര്‍ദെ 3-2 ന് പരാജയപ്പെടുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ആകെ അടിച്ച 308 ഗോളുകളില്‍ നിന്നാണ് ലോപ്പസ് കബ്രാളിന്റെ ഗോള്‍ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. കോംഗോയ്ക്കെതിരെ ഉസ്ബെക്കിസ്ഥാന്റെ എല്‍ദോര്‍ ഷോമുറോഡോവ് നേടിയ ഗോളും, മൊറോക്കോയ്ക്കെതിരെ ഹെയ്തിയുടെ വില്‍സണ്‍ ഇസിഡോര്‍ ശക്തമായ ഷോട്ടിലൂടെ നേടിയ ഗോളും ഈ പട്ടികയില്‍ തൊട്ടുപിന്നിലെത്തി. തിങ്കളാഴ്ച അവസാനിച്ച ജനകീയ വോട്ടെടുപ്പിനായി 12 ഗോളുകളുടെ ചുരുക്കപ്പട്ടികയാണ് ഫിഫ തയ്യാറാക്കിയിരുന്നത്.
The goal that stole your hearts all the way to the top. 💙⚽️
— FIFA World Cup (@FIFAWorldCup) July 27, 2026
Sidny Lopes Cabral is your Hyundai Goal of the Tournament winner at the FIFA World Cup 2026! 🌟#FIFAWorldCup #Hyundai #HGOTT #HyundaiGOTT2026 @Hyundai_Global pic.twitter.com/jeZ7kqI1CG
ലോപ്പസ് കബ്രാളിന്റെ ഗോള്‍ ആഘോഷവും ലോകകപ്പ് ചരിത്രത്തില്‍ ഇടംപിടിച്ചു. ഗോള്‍ അടിച്ചതിന് ശേഷം സഹതാരങ്ങളെ മറികടന്ന് ഗാലറിയിലേക്ക് കയറിയ അദ്ദേഹം കാമുകിയെ കെട്ടിപ്പിടിക്കുകയും അമ്മയെ തിരയുകയും ചെയ്തിരുന്നു. 'മത്സരത്തിന് മുമ്പ്, ഞാന്‍ ഗോള്‍ അടിച്ചാല്‍ നിങ്ങളുടെ അടുത്തേക്ക് ഓടിവരുമെന്ന് അമ്മയോടും കാമുകിയോടും പറഞ്ഞിരുന്നു,' അദ്ദേഹം പറഞ്ഞു. 'ഞാന്‍ അവിടെയെത്തിയപ്പോള്‍ അമ്മ കരയുന്നത് കണ്ടു. ഞാന്‍ തൊട്ടടുത്ത് എത്തിയിട്ടുപോലും അമ്മ അത് അറിഞ്ഞിരുന്നില്ല. ഞാന്‍ ഗോള്‍ അടിച്ചപ്പോള്‍ അമ്മ ബോധംകെട്ടു വീണതിനാല്‍ എല്ലാവരും അമ്മയെ പരിചരിക്കുന്ന തിരക്കിലായിരുന്നു.' -കബ്രാള്‍ പറഞ്ഞു.
തങ്ങളുടെ നാല് മത്സരങ്ങളില്‍ രണ്ട് ലോകകപ്പ് ഫൈനലിസ്റ്റുകളെയും കേപ്പ് വേര്‍ദെ വിറപ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഗോള്‍കീപ്പര്‍ വോസിന്യയുടെ ഉജ്ജ്വല പ്രകടനത്തിന്റെ കരുത്തില്‍ ചാമ്പ്യന്മാരായ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് കേപ്പ് വേര്‍ദെ ടൂര്‍ണമെന്റിലെ കുതിപ്പ് തുടങ്ങിയത്.
content highlights: "Cape Verde Touch in Best Goal! Sidny Lopes Cabral Wins Goal of the Tournament"