ഇംഗ്ലണ്ടില്‍ കിട്ടിയത് സിംബാബ് വേയില്‍ തീര്‍ക്കണം; വീണ്ടും ടി20 കളിക്കാന്‍ ഇന്ത്യ

മത്സരം വൈകീട്ട് 4.30 മുതല്‍ ഹരാരെയിലെ സ്പോര്‍ട്സ് ക്ലബ്ബ് സ്‌റ്റേഡിയത്തില്‍

ഇംഗ്ലണ്ടില്‍ കിട്ടിയത് സിംബാബ് വേയില്‍ തീര്‍ക്കണം; വീണ്ടും ടി20 കളിക്കാന്‍ ഇന്ത്യ
dot image

സിംബാബ്വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യന്‍ സംഘം ഇന്ന് കളത്തില്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തിരിച്ചടികള്‍ക്ക് ശേഷം ട്വന്റി-20 ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ശ്രേയസ് അയ്യര്‍ ഇന്ന് ടീമിനെ നയിക്കുന്നത്. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് 4.30 മുതലോണ് മത്സരം. അയര്‍ലന്‍ഡിനെതിരായ തോല്‍വി ഇന്ത്യക്ക് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നാലെ ഇംഗ്ലണ്ടിനെതിരെയും തോറ്റതോടെ ഇന്ത്യ കടുത്ത പ്രതിസന്ധിയിലായി. സഞ്ജു സാംസണ്‍, വൈഭവന് സൂര്യവംശി തുടങ്ങി ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ചവര്‍ പലരും നിരാശപ്പെടുത്തി. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെയും തോല്‍വി പ്രതികൂലമായാണ് ബാധിക്കുന്നത്. വൈഭവ് സൂര്യവംശിക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. മത്സരത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം വൈഭവ് സൂചിപ്പിക്കുകയും ചെയ്തിരുന്നു.


'ഞങ്ങളിപ്പോള്‍ സിംബാബ്വെയിലെ ഹരാരെയിലാണുള്ളത്. ഇത് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു ഗ്രൗണ്ടാണ്. നാല് മാസം മുമ്പാണ് ഞങ്ങള്‍ ഇവിടെ അണ്ടര്‍-19 ലോകകപ്പ് കളിച്ച് കിരീടം നേടിയത്. അതിനാല്‍ ഇതൊരു പ്രത്യേകതയുള്ള വേദിയാണ്. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ്. ചരിത്രം കുറിച്ച അതേ മൈതാനത്തേക്ക് വീണ്ടും കളിക്കാനിറങ്ങാന്‍ സാധിക്കുന്നത് വലിയൊരു അനുഭവമാണ്.' വൈഭവ് സൂര്യവംശി പറഞ്ഞു. 'ഹരാരെയിലെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും മുന്‍പ് കളിച്ച പരിചയം സഹായകരമാകും. പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വാഭാവിക ഗെയിം പുറത്തെടുക്കാനാണ് ശ്രമിക്കുക. വരും മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാന്‍ ശ്രമിക്കുക. പ്രാക്ടീസില്‍ ചെയ്ത കാര്യങ്ങള്‍ അതേപടി തുടരുകയും എന്റെ സ്വാഭാവിക ഗെയിമില്‍ ഉറച്ചുനിന്ന് ടീമിന് പരമാവധി സംഭാവന നല്‍കുകയുമാണ് ലക്ഷ്യം. മുമ്പ് രണ്ട് മത്സരങ്ങളാണ് ഞാന്‍ ഈ മൈതാനത്ത് കളിച്ചത്. രണ്ടും വളരെ നന്നായി കളിക്കാനായി. ആ ആത്മവിശ്വാസം മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിക്കും,' -വൈഭവ് സൂര്യവംശി കൂട്ടിച്ചേര്‍ത്തു.

അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍ / പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ശിവം ദുബെ, ഹര്‍ഷ ദുബെ, രവി ബിഷ്‌ണോയ്, യഷ് ഠാക്കൂര്‍, മയാങ്ക് യാദവ്, പ്രിന്‍സ് യാദവ്, അശോക് ശര്‍മ്മ ഇവരില്‍നിന്നായിരിക്കും അന്തിമ ഇലവന്‍.

തദിവനാഷെ മരുമാനി, ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മെയര്‍സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബേള്‍, ക്ലൈവ് മദാണ്ടെ (വിക്കറ്റ് കീപ്പര്‍), തഷിംഗ മുസേകിവ, വെല്ലിംഗ്ടണ്‍ മസകാദ്‌സ, ബ്രാഡ് ഇവാന്‍സ്, ബ്ലെസിംഗ് മുസറബാനി, റിച്ചാര്‍ഡ് എന്‍ഗരാവ എന്നിവരടങ്ങിയ സിംബാബ് വേ സംഖം കരുത്തരാണ്.

ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ അനുയോജ്യമായ പിച്ചാണ് ഹരാരെയിലേത്. പുതിയ പന്തില്‍ പേസ് ബൗളര്‍മാര്‍ക്ക് സ്വിംഗ് ലഭിക്കുമെങ്കിലും, ബാറ്റര്‍മാര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കുന്ന ഗ്രൗണ്ടാണിത്. സഹരാരെയില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഇന്ന് എന്നാണ് പ്രവചനം. മഴ പെയ്യാന്‍ സാധ്യതയില്ല. ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയും സിംബാബ്വെയും ഇതുവരെ 14 തവണ ഏറ്റുമുട്ടിയപ്പോള്‍ 11 എണ്ണത്തില്‍ ഇന്ത്യയും മൂന്നെണ്ണത്തില്‍ സിംബാബ്വെയും വിജയിച്ചിട്ടുണ്ട്.

content highlights: Settle the Score in Zimbabwe After England Setback: Team India Returns to T20 Action

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us