ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് കസ്റ്റഡിയില്‍

വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് കസ്റ്റഡിയില്‍
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയില്‍. വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പ്രശാന്തിനെ എത്തിക്കുമെന്നാണ് വിവരം.

മൂന്നംഗസംഘമാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ വീട്ടിലെത്തിയ സംഘം പ്രശാന്തിനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും കൂടെവരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി എസ് പ്രശാന്ത് ഉള്‍പ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി അറിയിച്ചിരുന്നു. 2025-ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019-ല്‍ നടന്നതായി പറയുന്ന സ്വര്‍ണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് ആരോപണം. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികള്‍ നല്‍കുന്നതിലും ഫയല്‍ നടപടികളിലുമുണ്ടായ അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് എസ്‌ഐടിയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പി എസ് പ്രശാന്തിനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാറിനുമെതിരെ പുതിയ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ്‌ഐടിക്ക് അനുമതി നല്‍കിയത്.

അതേസമയം താന്‍ യാതൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നാണ് പി എസ് പ്രശാന്തിന്റെ വാദം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും ഫോണില്‍ സംസാരിച്ചതും. താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല. നിയമപരമായി കേസ് നേരിടുമെന്നും പി എസ് പ്രശാന്ത് പറഞ്ഞിരുന്നു.

ഏത് നിമിഷവും തന്റെ അറസ്റ്റ് ഉണ്ടാകുമെന്നും പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നുമാണ് പി എസ് പ്രശാന്ത് അറസ്റ്റിന് തൊട്ടുമുമ്പ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. 2025ല്‍ തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നും 2019ലെ ശബരിമല സ്വര്‍ണക്കൊള്ള കേസ് പുറത്തുവരാന്‍ നിമിത്തമായ ബോര്‍ഡിനെ പ്രതിപട്ടികയില്‍ നിര്‍ത്തുകയാണെന്നും പി എസ് പ്രശാന്ത് ആരോപിച്ചു. 2025ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ കൊണ്ട് പോയതില്‍ എന്തെങ്കിലും നഷ്ടമോ കുറവോ, നടപടി ക്രമങ്ങളില്‍ വീഴ്ച്ചയോ ഉണ്ടായിട്ടില്ല. കേസില്‍ പ്രതിയാക്കണമെന്ന വാശിയോടെ കാര്യങ്ങള്‍ വളച്ചൊടിക്കുന്നവര്‍ക്ക് തങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം മനസ്സിലാകണമെങ്കില്‍ അത് സ്വന്തം ജീവിതത്തില്‍ വന്നുചേരണമെന്നും അത്തരമൊരു സ്ഥിതി ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെയെന്നും പ്രശാന്ത് വൈകാരികമായി പ്രതികരിച്ചു.

ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ക്ക് പുറമെ 2025ല്‍ ദ്വാരപാല ശില്‍പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസിലാണ് പി എസ് പ്രശാന്തിനെ പ്രതി ചേര്‍ത്തത്. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Content Highlights: P S Prashanth has been taken into custody in connection with the Sabarimala gold theft case.

dot image
To advertise here,contact us
dot image