'എയര്‍ടെലിന്റെ പ്രീമിയം 5ജി അസമത്വം സൃഷ്ടിക്കുന്നത്'; നെറ്റ് ന്യൂട്രാലിറ്റി ചര്‍ച്ച വീണ്ടും സജീവമാക്കി Vi

2016ല്‍ ട്രായ് ഇന്റര്‍നെറ്റില്‍ വിവേചനപരമായ ഡേറ്റ നിരക്കുകളും മുന്‍ഗണനാ സേവനങ്ങളും നിരോധിച്ചിരുന്നു. ഒരു വെബ്‌സൈറ്റിനെയോ ആപ്പിനെയോ മറ്റുള്ളവയെക്കാള്‍ വേഗത്തില്‍ ലഭ്യമാക്കുന്നത് നെറ്റ് ന്യൂട്രാലിറ്റി ലംഘനമായി കണക്കാക്കപ്പെടുന്നു

'എയര്‍ടെലിന്റെ പ്രീമിയം 5ജി അസമത്വം സൃഷ്ടിക്കുന്നത്'; നെറ്റ് ന്യൂട്രാലിറ്റി ചര്‍ച്ച വീണ്ടും സജീവമാക്കി Vi
dot image

നെറ്റ് ന്യൂട്രാലിറ്റി ചര്‍ച്ചകള്‍ക്കിടെ പ്രിഫറന്‍ഷ്യല്‍ ഡിജിറ്റല്‍ സര്‍വീസുകള്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തി രാജ്യത്തെ മുന്‍നിര ടെലകോം സേവന ദാദാക്കളായ വോഡഫോണ്‍ ഐഡിയ (വി) രംഗത്ത്. ചില ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയുള്ള അല്ലെങ്കില്‍ മുന്‍ഗണനാ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത് ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തിലെ തുല്യതയ്ക്ക്‌ തിരിച്ചടിയാകാമെന്നാണ് കമ്പനിയുടെ നിലപാട്. ഭാരതി എയര്‍ടെല്‍ അടുത്തിടെ അവതരിപ്പിച്ച പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡ് സേവനത്തെ തുടര്‍ന്നാണ് ഡിജിറ്റല്‍ രംഗത്തെ തുല്യതയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമായത്.

5ജി നെറ്റ്‌വര്‍ക്ക് സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രീമിയം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്ഥിരതയുള്ള ഇന്റര്‍നെറ്റ് അനുഭവം നല്‍കാനാണ് എയര്‍ടെല്ലിന്റെ പദ്ധതി. എന്നാല്‍ ഇതിലൂടെ സാധാരണ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിലവാരത്തിലുള്ള ഇന്റര്‍നെറ്റാകുമോ ലഭിക്കുക എന്ന ചോദ്യമാണ് ഉയരുന്നത്.

എല്ലാ ഉപയോക്താക്കള്‍ക്കും സമാന രീതിയിലുള്ളതും സ്ഥിരതയുള്ളതുമായ നെറ്റ്‌വര്‍ക്ക് അനുഭവം ലഭിക്കണം എന്നതാണ് കമ്പനിയുടെ നിലപാടെന്ന് വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്ല പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ച എല്ലാവര്‍ക്കും തുല്യമായ ഇന്റര്‍നെറ്റ് ആക്‌സസ് എന്ന ആശയത്തിലാണ് രൂപപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റിലയന്‍സ് ജിയോ എയര്‍ടെല്ലിന്റെ 5ജി നെറ്റ്‌വര്‍ക്ക് സ്ലൈസിങ് സേവനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 5ജി സാങ്കേതികവിദ്യയുടെ ഭാഗമായ നിയമാനുസൃത സേവനമാണിതെന്നും നിലവിലെ ലൈസന്‍സ് വ്യവസ്ഥകളും ടെലകോം റെഗുലേറ്റര്‍ അതോറിറ്റി (ട്രായ്) ചട്ടങ്ങളും ഇതിന് അനുമതി നല്‍കുന്നുവെന്നും ജിയോ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റി ഏറെ വിവാദമായ വിഷയമാണ്. 2016ല്‍ ട്രായ് ഇന്റര്‍നെറ്റില്‍ വിവേചനപരമായ ഡേറ്റ നിരക്കുകളും മുന്‍ഗണനാ സേവനങ്ങളും നിരോധിച്ചിരുന്നു. ഒരു വെബ്‌സൈറ്റിനെയോ ആപ്പിനെയോ മറ്റുള്ളവയെക്കാള്‍ വേഗത്തില്‍ ലഭ്യമാക്കുന്നത് നെറ്റ് ന്യൂട്രാലിറ്റി ലംഘനമായി കണക്കാക്കപ്പെടുന്നു. എയര്‍ടെല്ലിന്റെ പ്രയോറിറ്റി പോസ്റ്റ്‌പെയ്ഡ് സേവനം നിലവില്‍ ടെലികോം വകുപ്പിന്റെയും പാര്‍ലമെന്ററി സമിതിയുടെയും പരിശോധനയിലാണ്. പ്രീമിയം ഉപയോക്താക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ഡിജിറ്റല്‍ സമത്വത്തെ ബാധിക്കുമോ എന്നതാണ് പ്രധാന ചര്‍ച്ച.

വിവാദത്തിനിടെ എവരിവണ്‍ മാറ്റേര്‍സ് എന്ന ക്യാംപെയ്‌നുമായി വോഡഫോണ്‍ ഐഡിയ രംഗത്തെത്തിയിട്ടുണ്ട്. പ്രീപെയ്ഡ് ആണോ പോസ്റ്റ്പെയ്ഡ് ആണോ എന്നതിനെ ആശ്രയിക്കാതെ എല്ലാ ഉപയോക്താക്കളും ഒരുപോലെ പ്രധാനപ്പെട്ടവരാണെന്ന് കമ്പനി ഈ ക്യാംപെയ്‌നിലൂടെ വ്യക്തമാക്കുകയാണ്.

Content Highlights: Preferential treatment of subscribers raises questions about principles of equal digital ecosystem: Vodafone Idea - The telco, with nearly 192 million subscribers, has also launched an aggressive campaign assuring its prepaid and postpaid subscribers that they will continue to receive equal priority and treatment.

dot image
To advertise here,contact us
dot image