

ന്യൂഡൽഹി: കേരളത്തിൽ ഭരണം നഷ്ടമായതിന് ശേഷം ആദ്യമായി ചേരുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്. സിപിഐഎമ്മിന് ഭരണം ഉണ്ടായിരുന്ന ഏക സംസ്ഥാനമായ കേരളത്തിലുണ്ടായ തിരിച്ചടി കേന്ദ്ര നേതൃത്വം ഗൗരവത്തിലാണ് കാണുന്നത്. പരാജയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം സമർപ്പിച്ച റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി പരിഗണിക്കും. സിപിഐഎമ്മിൻ്റെ ശക്തി കേന്ദ്രമായ കണ്ണൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവും യുഡിഎഫ് പിന്തുണയോടെ മത്സരിച്ചതും പാർട്ടി ശക്തികേന്ദ്രങ്ങളിൽ വിജയിച്ചതും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. മുൻ മന്ത്രിയും മുതിർന്ന നേതാവുമായിരുന്ന ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിച്ച് വിജയിച്ചതും യോഗത്തിൽ ചർച്ചയാകും. വിമതർ നടത്തിയത് ആസൂത്രിത നീക്കമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ സിപിഐഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് കേന്ദ്ര കമ്മിറ്റി അംഗീകരിക്കുമോ എന്നതും പ്രധാനമാണ്.
സംസ്ഥാനത്ത് സിപിഐഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയും ബിജെപിയുടെ സ്വാധീനവും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. ബിജെപി കേരളത്തിൽ മൂന്ന് സീറ്റുകളിൽ വിജയം നേടിയ സാഹചര്യം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും. ബംഗാളിൽ സിപിഐഎമ്മിൻ്റെ പ്രകടനവും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. മുന്നേറ്റം പ്രതീക്ഷിച്ച ബംഗാളിൽ ഒരു സീറ്റിൽ മാത്രമാണ് സിപിഐഎമ്മിന് വിജയിക്കാൻ സാധിച്ചത്. വോട്ട് ശതമാനം ഉയർത്താൻ സാധിക്കാത്തത് അടക്കം ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രകടവും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. ബംഗാളിൽ തൃണമൂലിൻ്റെ പരാജയവും ബിജെപി വിജയവും കേന്ദ്ര കമ്മിറ്റി വിലയിരുത്തും. തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ നൽകാനിടയായ സാഹചര്യവും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യവും യോഗം വിലയിരുത്തും. അസമിൽ സിറ്റിംഗ് സീറ്റ് നഷ്ടമായതും യോഗത്തിൽ ചർച്ചയാകും.
പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ച തീരുമാനവും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയാകും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലെന്ന വിമർശനം ഉയരുന്നുണ്ട്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുന്നതിൽ പോളിറ്റ്ബ്യൂറോയിൽ വോട്ടെടുപ്പ് നടന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പരാജയത്തിന് പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിനെതിരെ കേരളത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിൽ വിമർശനം ഉയർന്നിരുന്നു.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരെ കടുത്ത വിമർശനങ്ങളാണ് സിപിഐഎം ജില്ലാ നേതൃയോഗങ്ങളിൽ ഉയരുന്നത്. കേരളത്തിൽ നിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങൾ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരിൽ കടുത്ത വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.
Content Highlights: The CPI(M) Central Committee will meet today to analyse the party's defeat in the recent Kerala elections. Key discussions expected on reasons behind the loss and future strategies.