പുതുയുഗമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭയിൽ മക്കൾക്കും ബന്ധുക്കൾക്കുമാണ് മുൻഗണന: വിമർശനവുമായി ദേശാഭിമാനി

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫിൻ്റെ പതിവ് അധികാരത്തിമിർപ്പിൻ്റെ പ്രതിഫലനമായെന്നും ദേശാഭിമാനി എഡിറ്റോറിയൽ

പുതുയുഗമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭയിൽ മക്കൾക്കും ബന്ധുക്കൾക്കുമാണ് മുൻഗണന: വിമർശനവുമായി ദേശാഭിമാനി
dot image

കൊച്ചി: യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വിമർശനവുമായി ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റോറിയൽ. മന്ത്രിസഭയിൽ ഇടംപിടിച്ചവരിൽ നേതാക്കളുടെ മക്കളും ബന്ധുക്കളുമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനിയുടെ വിമർശനം. കോൺഗ്രസിൻ്റെയും ലീഗിൻ്റെയും മക്കൾ രാഷ്ട്രീയത്തിന് ഉദാഹരണമാണ് ഇവരുടെ മന്ത്രിസഭാ പങ്കാളിത്തം എന്ന് ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനി വിമർശനം ഉന്നയിച്ചിരിക്കുന്നത്. പുതുയുഗമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭയിലാകട്ടെ മക്കൾക്കും ബന്ധുക്കൾക്കുമാണ് മുൻഗണന എന്ന മുഖവുരയോടെയാണ് ദേശാഭിമാനി വിമർശനം ഉന്നയിച്ചിരിക്കുന്നത്. മുൻമുഖ്യമന്ത്രി കെ കരുണാകരൻ്റെ മകൻ കെ മുരളീധരൻ, മുൻ ചീഫ് വിപ്പ് സീതി ഹാജിയുടെ മകൻ പി കെ ബഷീർ, നാലുതവണ മന്ത്രിയായിരുന്ന ടി എം ജേക്കബ്ബിൻ്റെ മകൻ അനൂപ് ജേക്കബ്, മുൻമന്ത്രി ബേബി ജോണിൻ്റെ മകൻ ഷിബു ബേബി ജോൺ, മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുൾ ഗഫൂർ, പാലക്കാട് എം പി വി കെ ശ്രീകണ്‌ഠൻ്റെ ഭാര്യ കെ എ തുളസി എന്നിവരുടെ മന്ത്രിപദവി ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനി വിമർശനം ഉയർത്തിയിരിക്കുന്നത്. മുൻമന്ത്രി പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ ചീഫ് വിപ്പായി നിയോ​ഗിച്ചതും ദേശാഭിമാനി എഡിറ്റോറിയലിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

'ടീം യുഡിഎഫ്' എന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചെങ്കിലും തുടർന്ന് പ്രകടമായത് അനൈക്യത്തിൻ്റെയും ചേരിതിരിഞ്ഞുള്ള അവകാശവാദങ്ങളുടെയും തർക്കങ്ങളുടെയും പരമ്പരയാണെന്നും ദേശാഭിമാനി എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. പൂർണതൃപ്തിയോടെ തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രിപ്പട്ടികയിൽ അർഹർ പലരും ഇല്ലാതെപോയെന്നുമുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ അഭിപ്രായവും എഡിറ്റോറിയലിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'അധികാരമെന്നത് ആസ്വദിക്കാനും ആഘോഷിക്കാനും ജാതിമത ശക്തികളെ തൃപ്‌തിപ്പെടുത്താനുമുള്ള അവസരമാണെന്ന കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും കാഴ്ചപ്പാടിന് വലതുപക്ഷ മാധ്യമങ്ങൾ പ്രോത്സാഹനം നൽകുകയാണ്. കണക്കുതീർക്കലിൻ്റെയും ഗ്രൂപ്പ് ശക്തിപ്പെടുത്തലിൻ്റെയും അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനങ്ങൾ പങ്കിട്ടു. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതെ പോയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, തന്നോട് ആഭിമുഖ്യമുള്ളവരെ മന്ത്രിമാരാക്കാൻ വ്യഗ്രത കാട്ടി. ഘടകകക്ഷികളിലും പരിഭവങ്ങളും പരാതികളും ബാക്കിയാ'ണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫിൻ്റെ പതിവ് അധികാരത്തിമിർപ്പിൻ്റെ പ്രതിഫലനമായെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. സുരക്ഷയുടെ ഭാഗമായ നിയന്ത്രണങ്ങൾ പോലും യുഡിഎഫ് പ്രവർത്തകർ ലംഘിച്ചു. നേതാക്കൾ അതെല്ലാം അംഗീകരിച്ചുകൊടുക്കുകയും ചെയ്തുവെന്നും വിമർശനമുണ്ട്. അധികാരം കിട്ടിയാൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ സംബന്ധിച്ച് ചില ഉറപ്പുകൾ യുഡിഎഫ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും ദേശാഭിമാനി യുഡിഎഫ് മന്ത്രിസഭയെ കുറ്റപ്പെടുത്തുന്നുണ്ട്. ആശമാരുടെ പ്രതിമാസവേതനം 21,000 രൂപയായി ഉയർത്താൻ ആദ്യമന്ത്രിസഭായോഗം തീരുമാനിക്കുമെന്നായിരുന്നു ഉറപ്പുകളിലൊന്ന്. ഇപ്പോൾ പ്രതിമാസം വേതനം 3000 രൂപ മാത്രം വർധിപ്പിച്ച് 12,000 ആക്കാനാണ് തീരുമാനിച്ചത്. ബാക്കി പിന്നീട് നോക്കാമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ്റെ നിലപാട്. വിരമിക്കൽ ആനുകൂല്യം അഞ്ചുലക്ഷം രൂപയായി ഉയർത്തുമെന്ന വാഗ്ദാനവും പാലിച്ചില്ല. ഇതിന് വേണ്ടിവരുന്ന അധിക സാമ്പത്തികബാധ്യത സംബന്ധിച്ച് പരിശോധന വേണമെന്നാണ് വിശദീകരണം. ഭരണം കിട്ടിയശേഷമല്ലേ കണക്കുകൾ ലഭ്യമാകൂ എന്നും മുഖ്യമന്ത്രി സതീശൻ ചോദിക്കുന്നു. ഒന്നും പഠിക്കാതെയാണോ ഉറപ്പ് നൽകിയതെന്നാണ് ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ദേശാഭിമാനി ചോദിക്കുന്നത്.

Content Highlights: Deshabhimani sharply criticizes the newly formed Kerala UDF cabinet, which was proclaimed as a "new era" under VD Satheeshan. The left-leaning daily accuses the government of giving priority to children and relatives of leaders, raising serious questions about nepotism in the much-hyped ministry formation.

dot image
To advertise here,contact us
dot image