

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പ്ലേ ഓഫിലേക്ക് മാത്രമല്ല പോര്, ഓറഞ്ച് ക്യാപിനും പോര് കനക്കുന്നു. ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളായ സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഹെന്റിച്ച് ക്ലാസന്‍, വൈഭവ് സൂര്യവംശി തുടങ്ങിയവരാണ് പോരാട്ടത്തിലുള്ളത്. അതേസമയം, ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ മുന്നേറുകയാണ് രാജസ്ഥാന്റെ കൗമാരതാരം വൈഭവ് സൂര്യവംശി.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 21 പന്തില്‍ 46 റണ്‍സെടുത്ത വൈഭവ് ആറാം സ്ഥാനത്തെത്തി. ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട് വൈഭവ് സൂര്യവംശി. റണ്‍വേട്ടയില്‍ ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണെയും മറികടന്ന് 12 മത്സരങ്ങളില്‍ നിന്ന് 486 റണ്‍സുമായി ആറാം സ്ഥാനത്താണ് വൈഭവ്. 40.50 ശരാശരിയിലും 234.78 സ്‌ട്രൈക്ക് റേറ്റിലുമാണ് വൈഭവിന്റെ ബാറ്റിങ്. ഡല്‍ഹിക്കെതിരെ മൂന്ന് സിക്‌സുകള്‍ കൂടി പറത്തിയതോടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് വൈഭവ് സ്വന്തമാക്കി. സീസണില്‍ 12 കളികളില്‍ നിന്ന 43 സിക്‌സുകളാണ് വൈഭവ് ഇതുവരെ നേടിയത്. 2024 സീസണില്‍ അഭിഷേക് ശര്‍മ നേടിയ 42 സിക്സറുകളുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2025ല്‍ 39 സിക്‌സറുകള്‍ നേടിയ ശ്രേയസ് അയ്യരാണ് മൂന്നാം സ്ഥാനത്ത്. 2016, 2024 സീസണുകളില്‍ 38 സിക്സ് വീതം നേടിയ വിരാട് കോഹ്ലിയാണ് ആദ്യ അഞ്ചിലുള്ള മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവും 38 സിക്സ് അടിച്ചിരുന്നു. എന്നാല്‍ ഒരു സീസണില്‍ ഏറ്റവുമധികം സിക്സറടിച്ച താരമെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ പേരിലാണ്. 2012ല്‍ 59 സിക്സറുകളാണ് താരം നേടിയത്. ആ്രേന്ദ റസ്സല്‍ 2019ല്‍ നേടിയ 52 സിക്സറുകളും ക്രിസ് ഗെയില്‍ തന്നെ 2013 ല്‍ നേടിയ 51 സിക്സറുകളും പട്ടികയിലുണ്ട്. നാലാം സ്ഥാനത്ത് ജോസ് ബട്ലറാണ്. 2022 ല്‍ നേടിയ 45 സിക്സറുകള്‍.
ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ 552 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ രണ്ടാമതാണ്. 542 റണ്‍സുള്ള വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തും 533 റണ്‍സോടെ കെഎല്‍ രാഹുല്‍ നാലാമതുമുണ്ട്. ഹെന്റിച്ച് ക്ലാസന്‍, വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ തുടങ്ങിയവരും പിന്നാലെയുണ്ട്. 450 റണ്‍സോടെ സഞ്ജു സാംസണ്‍ പത്താം സ്ഥാനത്താണ്. ഒരു മത്സത്തിലെ മികച്ച പ്രകടനം കൊണ്ടുതന്നെ ഒന്നാമതെത്താന്‍ സാധിക്കുന്ന രീതിയിലാണ് ഈ ഐപിഎല്‍ സീസണിലെ പോരാട്ടങ്ങളെല്ലാം.
content highlights: Not just for the playoffs, intense battle for the Orange Cap too; Sai Sudharsan leads, Vaibhav in sixth place