അഴിച്ചുപ്പണി പരിശീലക സംഘത്തിലും; ഗംഭീറിന്‍റെ സംഘത്തിലേക്ക് പഞ്ചാബ് സഹ പരിശീലകനും

ഐപിഎൽ സീസൺ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക നിരയിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

അഴിച്ചുപ്പണി പരിശീലക സംഘത്തിലും; ഗംഭീറിന്‍റെ സംഘത്തിലേക്ക് പഞ്ചാബ് സഹ പരിശീലകനും
dot image

ഐപിഎൽ സീസൺ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക നിരയിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

പഞ്ചാബ് കിംഗ്സിന്‍റെ സ്പിൻ ബൗളിംഗ് പരിശീലകനായ സായ്‌രാജ് ബഹുതുലെ ഗൗതം ഗംഭീർ നയിക്കുന്ന ടീം ഇന്ത്യയുടെ പരിശീലക സംഘത്തിന്‍റെ ഭാഗമാകും.

ഗംഭീർ നേരിട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് മുൻ ഇന്ത്യൻ താരം കൂടിയായ ബഹുതുലെ ഇന്ത്യയുടെ സ്പിന്‍ ബൗളിംഗ് പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ചത്.

നിലവിൽ ഐപിഎല്ലിൽ റിക്കി പോണ്ടിംഗിന് കീഴിൽ പഞ്ചാബ് കിങ്‌സിന്റെ സ്പിൻ വിഭാഗത്തെ പരിശീലിപ്പിക്കുകയാണ് ബഹുതുലെ. സീസൺ അവസാനിക്കുന്നതോടെ അദ്ദേഹം പഞ്ചാബുമായുള്ള കരാർ അവസാനിപ്പിക്കും.

ബഹുതുലെയുടെ പരിശീലന രീതികളിലുള്ള താൽപ്പര്യമാണ് അദ്ദേഹത്തെ ദേശീയ ടീമിലേക്ക് എത്തിക്കാൻ ഗംഭീറിനെ പ്രേരിപ്പിച്ചത്. ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ബഹുതുലെ ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു.

ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിച്ച മുൻപരിചയം ബഹുതുലെയ്ക്കുണ്ട്. രാഹുൽ ദ്രാവിഡ് പരിശീലകനായിരുന്നപ്പോൾ ശ്രീലങ്കൻ പര്യടനത്തിലും 2023-ലെ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലും ബഹുതുലെ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു. പഞ്ചാബ് കിങ്‌സിന് മുൻപ് രാജസ്ഥാൻ റോയൽസിനൊപ്പവും ബഹുതുലെ പ്രവർത്തിച്ചിട്ടുണ്ട്. ബിസിസിഐയുടെ സെന്‍റർ ഓഫ് എക്‌സലൻസിലെ പരിശീലകനായും ബഹുതുലെ തിളങ്ങിയിട്ടുണ്ട്.

2014-ൽ കേരള ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനായിരുന്നു സായ്‌രാജ് ബഹുതുലെ. പിന്നീട് ബംഗാളിനെയും അദ്ദേഹം പരിശീലിപ്പിച്ചു. ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും കളിച്ചിട്ടുള്ള ബഹുതുലെ, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്.

188 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 630 വിക്കറ്റുകൾ നേടിയിട്ടുള്ള ബഹുതുലെ 9 സെഞ്ച്വറിയടക്കം 6176 റൺസ് നേടിയിട്ടുണ്ട്. മുംബൈ, മഹാരാഷ്ട്ര, ആന്ധ്ര, അസം, വിദർഭ എന്നീ ടീമുകൾക്കായും ഇംഗ്ലീഷ് കൗണ്ടിയിൽ സറേയ്ക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.

Content highlights: gautam gambhir indian team coaching staff punjab kings assistant coach joins

dot image
To advertise here,contact us
dot image