

മുൻ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരവും പഞ്ചാബ് മീഡിയം പേസറുമായ അമൻപ്രീത് സിങ് ഗിൽ (36) അന്തരിച്ചു. സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിയുടെ അണ്ടർ 19 ടീമിലെ സഹ താരമായിരുന്നു അമൻപ്രീത്.
ബുധനാഴ്ചയാണ് ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാക്കിയ താരത്തിന്റെ വിയോഗം. മരണ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. കഴിഞ്ഞ ആറ് മാസമായി ഗുരുതര രോഗാവസ്ഥയെ തുടർന്നു താരം ചികിത്സയിലായിരുന്നു. അതിനിടെയാണ് ചണ്ഡീഗഢിൽ വച്ച് മരണം സംഭവിച്ചത്.
കോഹ്‍ലിയുടേയും ഒപ്പം ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുടേയും സഹ താരമായിരുന്നു അമൻപ്രീത്. 2007ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിനായി 5 ഏകദിനങ്ങളും ഒരു യൂത്ത് ടെസ്റ്റും അമൻപ്രീത് കളിച്ചു. 2008ൽ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ പക്ഷേ താരത്തിനു ഇടംപിടിക്കാൻ സാധിച്ചില്ല.
2006നും 2008നും ഇടയിൽ പഞ്ചാബിനായി 6 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു 11 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പ്രഥമ ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സ് (അന്ന് കിങ്സ് ഇലവൻ പഞ്ചാബ്) ടീമിൽ അംഗമായിരുന്നു. പഞ്ചാബ് സീനിയർ സെലക്ഷൻ കമ്മിറ്റി അംഗമായും അമൻപ്രീത് പ്രവർത്തിച്ചിട്ടുണ്ട്.
താരത്തിന്റെ മരണത്തിൽ വിരാട് കോഹ്‍ലി, യുവരാജ് സിങ്, ശിഖർ ധവാൻ അടക്കമുള്ള താരങ്ങൾ അനുശോചിച്ചു. 'അമൻപ്രീതിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. അതീവ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കുന്നു. ആത്മാവിനു നിത്യശാന്തി. ഓം ശാന്തി'- കോഹ്‍ലി എക്സിൽ കുറിച്ചു.
'അമൻപ്രീത് സിങ് ഗില്ലിന്റെ വിയോഗ വാർത്ത കേട്ടതിൽ അതീവ ദുഃഖിതനാണ്. കരിയറിന്റെ തുടക്കക്കാലത്ത് ഞാൻ അദ്ദേഹത്തോടൊപ്പം ഡ്രസിങ് റൂം പങ്കിട്ടിട്ടുണ്ട്. കഠിനാധ്വാനിയായ ശാന്തനായ ക്രിക്കറ്റിനെ അങ്ങേയറ്റം സ്നേഹിച്ച താരമായിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. നിത്യശാന്തി നേരുന്നു. ഓം ശാന്തി'- യുവരാജ് സിങ് കുറിച്ചു.
Content highlights:'I am deeply saddened'; Kohli offers condolences on the demise of his teammate.