

ഐ പി എൽ 2026 സീസണിലെ ഇന്നലത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനോട് തോറ്റിരിക്കുകയാണ്. സ്വന്തം തട്ടകത്തിൽ 225 റൺസെടുത്തും രാജസ്ഥാനെ അനായാസം ഡൽഹി കീഴടക്കിയെന്നതാണ് എടുത്തു പറയേണ്ടത്.
10 മത്സരത്തിൽ നിന്ന് 12 പോയിന്റുള്ള രാജസ്ഥാൻ നിലവിൽ നാലാം സ്ഥാനത്തുണ്ടെങ്കിലും ഡൽഹിയോടേറ്റ തോൽവി തിരിച്ചടിയായി മാറാനുള്ള സാധ്യതകളേറെയാണ്.
ഇന്നലെ ഡൽഹിക്കെതിരേ രാജസ്ഥാൻ ഇറങ്ങുമ്പോൾ റിയാൻ പരാഗിന്റെ ബാറ്റിങ് പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. കഴിഞ്ഞ മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച പരാഗ് വിവാദം സൃഷ്ടിച്ചിരുന്നു. പരാഗിന് 25 ലക്ഷം പിഴ ശിക്ഷയും ബിസിസി ഐ വിധിച്ചിരുന്നു.
50 പന്തിൽ 90 റൺസോടെ പരാഗ് ഡൽഹിക്കെതിരേ അർധ സെഞ്ചുറി പ്രകടനം നടത്തി കെെയടി നേടിയെങ്കിലും ടീമിന് വിജയം നേടിക്കൊടുക്കാനായില്ല. ഇപ്പോഴിതാ ഡൽഹിയോട് തോറ്റതിന് പിന്നാലെ വിമർശനം ഉയർത്തിയവർക്ക് മറുപടി നൽകിയിരിക്കുകയാണ് റിയാൻ പരാഗ്. വിമർശകരോട് മറുപടി പറയേണ്ട കാര്യം തനിക്കുണ്ടെന്ന് തോന്നുന്നില്ലെന്നാണ് പരാഗ് പറഞ്ഞത്.
'ഒരു വിമർശകരോടും ഞാൻ മറുപടി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ ഈ ദിവസത്തിന്റെ അവസാനം ടീമിന് രണ്ട് പോയിന്റ് നേടിക്കൊടുക്കുക എന്നതാണ് എന്റെ ജോലി.
ഞങ്ങൾ തോറ്റ ശേഷം ടീം സ്കോർ ഉയർന്നതായാലും ഞാൻ അർധ സെഞ്ചുറി നേടിയിട്ടും എന്ത് കാര്യമാണുള്ളത്. ഭേദപ്പെട്ട സ്കോർ തന്നെയാണ് ഞങ്ങൾ നേടിയത്. 200ന് മുകളിൽ സ്കോർ ഈ പിച്ചിൽ മികച്ചതായിരുന്നു. എന്നാൽ മധ്യ ഓവറുകളിൽ പ്രതീക്ഷിച്ചപോലെ റൺസുയർത്താനായില്ല.
ബൗളർമാർ നിരവധി ബൗണ്ടറികളും വഴങ്ങി. എന്നാൽ ടീമെടുത്ത തീരുമാനങ്ങളിൽ നിരാശയില്ല' റിയാൻ പരാഗ് മത്സര ശേഷം പറഞ്ഞു.
Content highlights:riyan parag reaction to critics after rajasthan royals loss vs delhi capitals