

ഐ പി എൽ സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. അവസാന ലാപ്പിലേക്ക് ആവേശകരമായി മുന്നോട്ട് പോകവെ ആരാധകർക്ക് നിരാശയുണ്ടാക്കുന്നത് എംഎസ് ധോണിയുടെ അഭാവമാണ്.
ധോണി സിഎസ്കെയ്ക്കായി നെറ്റ്സിൽ പരിശീലനം നടത്തുന്ന വീഡിയോകൾ എല്ലാ മത്സരത്തിന് മുമ്പ് പുറത്തുവന്നിട്ടും കളിക്കാൻ ധോണി ഇറങ്ങുന്നില്ല. ഇന്ന് മുംബെെ ഇന്ത്യൻസും ചെന്നെെ സൂപ്പർ കിങ്സും തമ്മിലുള്ള സൂപ്പർ പോരാട്ടം നടക്കാനിരിക്കേയും ധോണി നെറ്റ്സ് പരിശീലനം നടത്തുകയും തകർപ്പൻ സിക്സർ നേടുകയും ചെയ്തിരുന്നു.
എന്നാൽ ധോണി കളിക്കുന്ന കാര്യത്തിൽ ഇപ്പോഴും ടീം മാനേജ്മെന്റ് ഉറപ്പ് പറയുന്നില്ല. ധോണി കളിക്കുന്നില്ലെങ്കിലും താരങ്ങൾക്ക് ആത്മവിശ്വാസം പകരാൻ ഡഗൗട്ടിലോ ഡ്രസിങ് റൂമിലോ പോലും വരാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകർ ചോദിക്കുന്നത്. മുംബെെ ഇന്ത്യൻസിനൊപ്പം സച്ചിൻ ടെണ്ടുൽക്കറടക്കം ഡഗൗട്ടിലേക്കെത്തുന്നത് കാണാൻ സാധിക്കുന്നുണ്ട്.
എന്നിട്ടും ധോണി വരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ഇപ്പോഴിതാ ഇതിന് ഉത്തരം നൽകി സിഎസ്കെയുടെ ബാറ്റിങ് പരിശീലകനായ മെെക്കൽ ഹസി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ധോണി ഡ്രസിങ് റൂമിലേക്കോ ഡഗൗട്ടിലേക്കോ എത്തിയാൽ എല്ലാവരുടേയും ശ്രദ്ധ ധോണിയിലേക്കായിരിക്കും. ഇത് ഒഴിവാക്കാനായാണ് മനപ്പൂർവ്വം അദ്ദേഹം മാറി നിൽക്കുന്നത് എന്നതാണ് ഹസി പറഞ്ഞത്.
'ധോണി ടീമിന് പ്രാധാന്യം കൽപ്പിക്കുന്ന വ്യക്തിയാണ്. ടീമിന് ഏറ്റവും അനുയോജ്യമായത് ചെയ്യാൻ എപ്പോഴും ആഗ്രഹിക്കുന്ന ധോണി താൻ ഡ്രസിങ് റൂമിലോ ഡഗൗട്ടിലോ എത്തിയാൽ കൂടുതൽ ശ്രദ്ധ തന്നിലേക്ക് എത്തുമോയെന്ന് ആശങ്കപ്പെടുന്നുണ്ട്. തീർച്ചയായും ധോണി വന്നാൽ ക്യാമറകൾ അദ്ദേഹത്തെ വിടാതെ പിന്തുടരും. ആരാധകർ ധോണിക്കായിട്ടാവും ആർപ്പുവിളിക്കുക. അതുകൊണ്ടുതന്നെ ഇപ്പോൾ ടീമിന് അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നീക്കമാണ് ധോണി നടത്തുന്നത്' ഹസി പറഞ്ഞു.
അതേ സമയം ഇന്ന് സിഎസ്കെയ്ക്കും മുംബെെക്കും ജയം നിർണ്ണായകമാണ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരുകൂട്ടർക്കും വിജയിച്ചേ മതിയാകൂ. എട്ട് മത്സരത്തിൽ നിന്ന് മൂന്ന് ജയവും അഞ്ച് തോൽവിയുമടക്കം ആറ് പോയിന്റോടെ സിഎസ്കെ ഏഴാം സ്ഥാനത്താണുള്ളത്.
എട്ട് മത്സരത്തിൽ നിന്ന് രണ്ട് ജയവും ആറ് തോൽവിയുമടക്കം നാല് പോയിന്റുള്ള മുംബെെ ഒമ്പതാം സ്ഥാനത്താണ്. പ്ലേ ഓഫിലെ പ്രതീക്ഷ നിലനിർത്താൻ രണ്ട് ടീമിനും ഇന്ന് ജയിക്കേണ്ടതായുണ്ട്.
Content highlights: why ms dhoni not attending csk matches michael hussey reveals original reason