ചെപ്പോക്കിൽ നാളെ ജീവന്മരണ പോരാട്ടം; ചെന്നൈയും മുംബൈയും വീണ്ടും നേർക്കുനേർ

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ നിലനിൽപ്പിനായി പോരാടാൻ തയ്യാറെടുത്ത് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും. നാളെ ചെപ്പോക്കിൽ വൈകിട്ട് 7:30-നാണ് മത്സരം അരങ്ങേറുന്നത്

ചെപ്പോക്കിൽ നാളെ ജീവന്മരണ പോരാട്ടം; ചെന്നൈയും മുംബൈയും വീണ്ടും നേർക്കുനേർ
dot image

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ നിലനിൽപ്പിനായി പോരാടാൻ തയ്യാറെടുത്ത് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും. നാളെ ചെപ്പോക്കിൽ വൈകിട്ട് 7:30-നാണ് മത്സരം അരങ്ങേറുന്നത്. മത്സരത്തിൽ ജയിക്കാനായാൽ ഇരുടീമുകൾക്കും പ്ലേഓഫ് സാധ്യതകൾ നിലനിർത്തി മുന്നോട്ട് പോകാനാകും. എന്നാൽ, പരാജയപ്പെടുന്ന ടീമിന് മുന്നിലേക്ക് എത്തുന്നത് അത്ര ശുഭകരമായ കാര്യങ്ങളാകില്ല. തോൽവിയാണ് ഫലമെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലത്തിനായോ അത്ഭുതങ്ങൾക്കായോ ഒരുപക്ഷെ അടുത്ത സീസണിന് വേണ്ടി തന്നെ കാത്തിരിക്കേണ്ടി വന്നേക്കാം.

മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം അവരുടെ ബാറ്റിംഗ് നിരയിലും ബൗളിംഗ് നിരയിലും ആശങ്കകൾ ഏറെയാണ്. സൂര്യകുമാര്‍ യാദവും നായകൻ ഹർദിക് പാണ്ഡ്യയും ഒന്നും ഫോം കണ്ടെത്താനാകാത്തത് ടീമിന് വലിയ തലവേദന തന്നെയാണ് സൃഷ്ടിക്കുന്നത്. ലോക ഒന്നാം നമ്പർ ബൗളറും മുംബൈ ഇന്ത്യൻസിന്റെ കുന്തമുനയുമായ ജസ്പ്രീത് ബുംറക്കും കളിക്കളത്തിൽ തിളങ്ങാനാകാത്തതും ടീമിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഈ സീസണിൽ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളിൽ താരത്തിന് വിക്കറ്റ് വരൾച്ചയായിരുന്നു. ഒരു വിക്കറ്റ് പോലും താരത്തിന് ആ മത്സരങ്ങളിൽ കണ്ടെത്താനായിരുന്നില്ല. ശേഷം ഗുജറാത്ത് ടൈറ്റൻസിനെതിരെയും ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ആദ്യ പാദ മത്സരത്തിലും ബുംറ ഒരു വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. എന്നാൽ, അവസാനം കളിച്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വീണ്ടും ബുംറ വിക്കറ്റ് വരൾച്ച നേരിട്ടു.

എന്നാൽ, മുംബൈക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയത്തിന്റെ ആത്തമവിശ്വാസത്തിലാണ് സഞ്ജു സാംസൺ എത്തുന്നത്. ഒപ്പം നായകൻ റുതുരാജ് ഗെയ്ക്വാദ് ഫോം വീണ്ടെടുത്തത് സിഎസ്കെയ്ക്ക് ആശ്വാസമാണ്. എന്നാല്‍, ഓപ്പണർമാർ മാറ്റിനിർത്തിയാൽ ചെന്നൈയുടെ ബാറ്റിങ് നിര അത്ര ശക്തമല്ല. ഇത് മുംബൈക്ക് നേരിയ ആസ്വം നൽകുന്നുണ്ട്. സര്‍ഫറാസ് ഖാൻ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ തുടങ്ങിയവരെല്ലാം ലീൻ പാച്ചിലാണ്. പക്ഷേ, കഴിഞ്ഞ മുംബൈ - ചെന്നൈ പോരാട്ടം പോലെ ഒരുവശത്ത് സഞ്ജു നിലയുറപ്പിക്കുകയും മറുപുറത്ത് മറ്റ് താരങ്ങളെല്ലാം ക്യാമിയോകളുമായി തിളങ്ങിയാലും മതിയാകും മികച്ച സ്കോര്‍ പടുത്തുയര്‍ത്താനും മറികടക്കാനും.

നിലവില്‍ എട്ട് കളികളില്‍ നിന്ന് ആറ് പോയിന്റാണ് ചെന്നൈ സൂപ്പർ കിംഗ്സിനുള്ളത്. മൂന്ന് ജയവും അഞ്ച് തോൽവിയുമാണ് ടീമിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തും. എന്നാൽ മുംബൈയാകട്ടെ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ആറ് തോൽവിയുമടക്കം നാല് പോയിന്റോടെ പട്ടികയിൽ ഒൻപതാം സ്ഥാനത്തും. അതുകൊണ്ട് തന്നെ ഇരുടീമുകൾക്കും മത്സരം ഏറെ നിര്‍ണായകമാണ്.

Content highlight: IPL 2026: CSK vs MI matchday tomorrow

dot image
To advertise here,contact us
dot image