

ടി 20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം ഐ പി എല്ലിലും ഫോം തുടരുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഇതോടെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്‌കീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ടി20 ടീമില്‍ സ്ഥാനം ഉറപ്പിച്ച സഞ്ജുവിന് 2027ലെ ഏകദിന ലോകകപ്പിന് മുന്‍പായി ഏകദിന ടീമിലും ഇടമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏകദിന ടീമിലെ ബാക്കപ്പ് കീപ്പര്‍ ഓപ്ഷനില്‍ നിന്ന് റിഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ കൊണ്ടുവരാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.
ഈ ഐപിഎല്ലില്‍ ദയനീയമായ പ്രകടനമാണ് റിഷഭ് പന്ത് നടത്തുന്നത്. ഐപിഎല്ലില്‍ 8 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 27 റണ്‍സ് ശരാശരിയില്‍ 149 റണ്‍സ് മാത്രമാണ് പന്ത് നേടിയിട്ടുള്ളത്. ഒരു 68 റണ്‍സ് നോട്ടൗട്ട് പ്രകടനം ഒഴിച്ചാല്‍ 7 ഇന്നിങ്ങ്‌സുകളിലും പന്ത് ദുരന്തമായിരുന്നു. ജൂണില്‍ അഫ്ഗാനുമായാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര ഈ പരമ്പരയില്‍ ബാക്കപ്പ് കീപ്പറായി സഞ്ജുവിനെയും ഉള്‍പ്പെടുത്തിയേക്കും.
ബാക്കപ്പ് ഓപ്ഷണാണെങ്കിലും ലോകകപ്പിന് മുന്‍പായി ചില മത്സരങ്ങളില്‍ സഞ്ജുവിനും അവസരം ലഭിക്കും. 2027ലെ ഏകദിന ലോകകപ്പിന് വേദിയാകുന്ന ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ചുറിയും ടി20 സെഞ്ചുറിയും ഉണ്ട് എന്ന റെക്കോര്‍ഡും സഞ്ജുവിന് അനുകൂല ഘടകമാണ്.
ഏകദിനത്തില്‍ 16 മത്സരങ്ങളില്‍ നിന്ന് 56.66 റണ്‍സ് ശരാശരിയില്‍ ഒരു സെഞ്ചുറിയടക്കം 510 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു സഞ്ജു അവസാനമായി ഇന്ത്യന്‍ ഏകദിന ടീമില്‍ കളിച്ചത്.
Content highlights: sanju samson to replace rishabh pant in odi team gautam gambhir plan