'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്

ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊളളുക എന്ന് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞിരുന്നു

'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്
dot image

മലപ്പുറം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളാണ് വി ഡി സതീശനെ പിന്തുണച്ച് രംഗത്തെത്തിയത്. വി ഡി സതീശനൊപ്പമുളള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ഫൈസല്‍ ബാഫഖി പിന്തുണ പ്രഖ്യാപിച്ചത്. 'പട നയിച്ചവന്‍' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. സാദിഖലി തങ്ങളും നേരത്തെ വി ഡി സതീശനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊളളുക എന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. സര്‍വേകളില്‍ കണ്ടത് ജനങ്ങളുടെ അഭിപ്രായമാണെന്നും മന്ത്രിസഭ ഉണ്ടാക്കുന്ന കാര്യത്തിലടക്കം ജനങ്ങളുടെ വികാരം പരിഗണിച്ചാകും യുഡിഎഫ് മുന്നോട്ടുപോവുകയെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് വി ഡി സതീശനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം വരേണ്ടത് എന്ന ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

അതേസമയം, മൂവാറ്റുപുഴയില്‍ വി ഡി സതീശനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള സീനിയര്‍ നേതാക്കളെ താറടിക്കാന്‍ ശ്രമമെന്നാണ് പോസ്റ്ററിലെ വാചകം. മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപോകില്ല എന്നും പോസ്റ്ററില്‍ പറയുന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്.

Content Highlights: 'He who led the battle'; Youth League leader supports VD Satheesan in Congress CM talks

dot image
To advertise here,contact us
dot image