മുംബൈയുടെ ബൗളിംഗിലും ഫീൽഡിംഗിലും തൃപ്തനല്ല; ദേഷ്യം പരസ്യമായി പ്രകടിപ്പിച്ച് ഉടമ ആകാശ് അംബാനി

കളിയിൽ ട്രാവിസ് ഹെഡിന് എറിഞ്ഞ ഒരു പന്തിൽ എഡ്ജ് ഉണ്ടായെങ്കിലും അത് തിരിച്ചറിയാൻ കീപ്പർ റയാൻ റിക്കൽട്ടനോ മറ്റ് താരങ്ങളോ കഴിഞ്ഞിരുന്നില്ല

മുംബൈയുടെ ബൗളിംഗിലും ഫീൽഡിംഗിലും തൃപ്തനല്ല; ദേഷ്യം പരസ്യമായി പ്രകടിപ്പിച്ച് ഉടമ ആകാശ് അംബാനി
dot image

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൂറ്റൻ സ്കോർ ഉയർത്തിയിട്ടും മുംബൈ ഇന്ത്യൻസ് മത്സരത്തിൽ തോറ്റതിൽ ആഞ്ഞടിച്ചിരിക്കുകയാണ് ഉടമ ആകാശ് അംബാനി. മത്സരത്തിൽ ടീം വരുത്തിയ വലിയ പിഴവുകളിൽ ആകാശ് പരസ്യമായി തന്നെ തന്റെ ദേഷ്യം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു.

കളിയിൽ ട്രാവിസ് ഹെഡിന് എറിഞ്ഞ ഒരു പന്തിൽ എഡ്ജ് ഉണ്ടായെങ്കിലും അത് തിരിച്ചറിയാൻ കീപ്പർ റയാൻ റിക്കൽട്ടനോ മറ്റ് താരങ്ങളോ കഴിഞ്ഞിരുന്നില്ല. പിന്നീട് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ പന്ത് ബാറ്റിൽ തട്ടിയത് വ്യക്തമായി കാണിച്ചിട്ടും ഒരു താരവും അപ്പീൽ ചെയ്തതുമില്ല. ഈ കാഴ്ച കണ്ട ഉടമ ആകാശ് അംബാനി അതീവ നിരാശനായിരുന്നു എന്ന് മാത്രമല്ല, താരങ്ങളുടെ ഈ അശ്രദ്ധയിൽ അദ്ദേഹം ദേഷ്യവും പ്രകടിപ്പിച്ചിരുന്നു.

ആ അശ്രദ്ധയ്ക്ക് പിന്നാലെ ട്രാവിസ് ഹെഡിന്റെ രണ്ട് ക്യാച്ചുകളും മുംബൈ താരങ്ങൾ കൈവിട്ടതും ആകാശിനെ ചൊടിപ്പിച്ചു. തിലക് വർമയും നമൻ ധീറുമാണ് ആ ക്യാച്ചുകൾ പാഴാക്കിയ താരങ്ങൾ. ഇതോടെയാണ് സഹികെട്ട ആകാശ് അംബാനി സീറ്റിൽ നിന്ന് എഴുന്നേറ്റു നിൽക്കുകയും തന്റെ പ്രതിഷേധം ആംഗ്യങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തത്. കൂടാതെ മുംബൈയുടെ ബൗളിംഗിലും ഫീൽഡിംഗിലും അദ്ദേഹം ഒട്ടും തൃപ്തനല്ല എന്ന് അദ്ദേഹത്തിന്റെ മുഖഭാവങ്ങളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.

ഈ സീസണിലെ ടീമുകളെ എടുത്ത് നോക്കുമ്പോൾ ഏറ്റവും അപകടകാരികളായ ബൗളർമാരുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ജസ്പ്രിത് ബുംറയിൽ തുടങ്ങി ട്രെൻഡ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ, അശ്വനി കുമാർ, അള്ളാ ​ഗസൻഫർ, മിച്ചൽ സാന്റ്നർ തുടങ്ങിയുള്ള താരങ്ങളാണ് തടീമിലുള്ളത്. എങ്കിലും 243 പോലൊരു കൂറ്റൻ ടോട്ടൽ ഡിഫൻഡ് ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല എന്നത് ടീമിന് വലിയ തലവേദന തന്നെയാണ് സൃഷ്ടിക്കുന്നതും.

Content highlight: Akash Ambani unhappy with Mumbai Indians bowling and fielding

dot image
To advertise here,contact us
dot image