

അപരാജിതരായി കുതിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബ് കിംഗ്സും വണ്ടർ കിഡിന്റെ രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറുന്നത്. മത്സരത്തിന് മുൻപായി പഞ്ചാബ് കിംഗ്സിന്റെ പേസർ അര്‍ഷ്ദീപ് സിംഗിന് രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണറായ വൈഭവ് സൂര്യവംശിയെ പൂട്ടാനുള്ള തന്ത്രം ഉപദേശിച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ചേതേശ്വര്‍ പുജാര. ന്യൂ ചണ്ഡീഗഡില്‍ നടക്കാനിരിക്കുന്ന മത്സരത്തിൽ പഞ്ചാബിന് തലവേദനയാകുന്നതും ഈ 15കാരന്റെ പ്രകടനം തന്നെയായിരിക്കും.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വൈഭവിനെ പിടിച്ചുകെട്ടാൻ പഞ്ചാബിനായില്ലെങ്കിൽ രാജസ്ഥാൻ റോയല്‍സിനെതിരെയുള്ള ജയം ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും അതീവ ദുഷ്‌കരം തന്നെയായിരിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കവെ ആയിരുന്നു ചേതേശ്വര്‍ പുജാര പ്രതികരണം.
'അര്‍ഷ്ദീപ് സിംഗ് ഇടംകൈയന്‍ സീമര്‍ ആയതുകൊണ്ട് തന്നെ വൈഭവ് സുര്യവംശിക്കെതിരെ ഓവര്‍ ദി സ്റ്റംപ്‌സ് ബൗള്‍ ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. മിഡില്‍ ആന്റ് ഓഫ്സ്റ്റംപ് പ്ലാനിലാണ് അവനെതിരെ ബൗള്‍ ചെയ്യുന്നതെന്ന് അര്‍ഷ്ദീപ് ഉറപ്പ് വരുത്തുകയും വേണം. അപ്പോള്‍ ബോള്‍ വൈഭവില്‍ നിന്നും പുറത്തേക്കായിരിക്കും പോവുന്നത്', പുജാര പറഞ്ഞു. 'അവനെതിരേ നേരത്തേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇടംകൈയന്‍ പേസര്‍ മൊഹ്‌സിന്‍ ഖാന്‍ ഈ തരത്തില്‍ ബൗള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുള്ളതുമാണ്. ആ രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ വിജയം നേടിയെടുക്കാനും മൊഹ്‌സിനു കഴിഞ്ഞു. അതേ കാര്യം തന്നെയാവണം ഇനി വൈഭവിനെതിരേ അര്‍ഷ്ദീപും ചെയ്യേണ്ടത്', അദ്ദേഹം കൂട്ടിച്ചേർത്തു.
'മിഡില്‍ ആന്റ് ഓഫ്‌സ്റ്റംപ് ലൈനില്‍ ബാക്ക് ഓഫ് ലെങ്ത്ത് ബോളുകളെറിയാന്‍ അര്‍ഷ്ദീപ് ശ്രമിക്കണം. കൂടുതലായും അതേ ഏരിയയില്‍ തന്നെ ബോള്‍ ഹിറ്റ് ചെയ്യാന്‍ ശ്രമിക്കന്മ. കൂടാതെ സ്ലോ ബോളുകളും ഉപയോഗപ്പെടുത്തണം. കാരണം അര്‍ഷ്ദീപിന്റെ പക്കല്‍ വളരെ മികച്ച സ്ലോ ബോളുകളുണ്ട്. അതിനിടയില്‍ യോര്‍ക്കറുകളും ഉപയോഗിക്കണം. പക്ഷെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ആദ്യത്തോ നാലോ, അഞ്ചോ ബോളുകള്‍ മിഡില്‍-ഓഫ്സ്റ്റംപ് ലൈനില്‍ ബാക്ക് ഓഫ് ലെങ്ത്ത് തന്നെ എറിയാനായി ശ്രമിക്കൂ', പുജാര ഉപദേശിക്കുന്നു.
Content highlight: Cheteshwar Pujara advice to Punjab Kings