തൊണ്ടിമുതലായ കൈക്കൂലിപ്പണം എലി തിന്നു; കുറ്റക്കാരിയെന്ന് കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥയുടെ ശിക്ഷയ്ക്ക് സ്റ്റേ

നോട്ടുകള്‍ നശിച്ചുപോയതിന് നല്‍കിയ വിശദീകരണം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു

തൊണ്ടിമുതലായ കൈക്കൂലിപ്പണം എലി തിന്നു; കുറ്റക്കാരിയെന്ന് കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥയുടെ ശിക്ഷയ്ക്ക് സ്റ്റേ
dot image

ന്യൂഡല്‍ഹി: തൊണ്ടിമുതലായ കൈക്കൂലിപ്പണം എലി തിന്ന പശ്ചാത്തലത്തില്‍ കുറ്റക്കാരി എന്ന് കണ്ടെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥക്കെതിരായ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ബിഹാറില്‍ ശിശു വികസന പദ്ധതി ഉദ്യോഗസ്ഥയായ അരുണ കുമാരിക്കെതിരായ നടപടിയാണ് കോടതി സ്‌റ്റേ ചെയ്തത്. അരുണ കുമാരിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. കറന്‍സി നോട്ടുകള്‍ എലികള്‍ നശിപ്പിച്ചു എന്നത് അത്ഭുതപ്പെടുത്തുന്ന വിവരമാണ് എന്ന് കോടതി പറഞ്ഞു. നോട്ടുകള്‍ നശിച്ചുപോയതിന് നല്‍കിയ വിശദീകരണം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.

പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു അരുണ കുമാരിക്കെതിരായ കേസ്. അഴിമതി നിരോധന നിയമപ്രകാരം അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. വിചാരണക്കോടതി അരുണയെ കുറ്റവിമുക്തയാക്കിയെങ്കിലും പട്‌ന ഹൈക്കോടതി ആ വിധി റദ്ദാക്കി അവര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. പിടിച്ചെടുത്ത തൊണ്ടിമുതലായ പണം എലികള്‍ തിന്ന് നശിപ്പിച്ചതിനാൽ തെളിവായി ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നു.

കൈക്കൂലി വാങ്ങിയെന്നതിന് കൃത്യമായ തെളിവുണ്ടെന്നും ആ പണം ഹാജരാക്കാനായില്ല എന്നതിന് അവര്‍ കൈക്കൂലി വാങ്ങിയില്ല എന്നര്‍ത്ഥമില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതി ഹൈക്കോടതിയുടെ കണ്ടെത്തലും സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്‌ക്കെതിരായ നടപടിയും സ്റ്റേ ചെയ്യുകയായിരുന്നു.

Content Highlights: 'Rats Ate Bribe Money': Bihar Govt Official Gets bail from Supreme Court

dot image
To advertise here,contact us
dot image