സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ച് മുംബൈ താരങ്ങൾ; ഏറ്റെടുത്ത് ആരാധകർ

ഐപിഎല്ലിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്സ് പോരിൽ 54 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസ് നേടി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിനായി തന്റെ രണ്ടാമത്തെ സെഞ്ചുറി കുറിച്ചിരുന്നു

സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ച് മുംബൈ താരങ്ങൾ; ഏറ്റെടുത്ത് ആരാധകർ
dot image

ഐപിഎല്ലിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്സ് പോരിൽ 54 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസ് നേടി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിനായി തന്റെ രണ്ടാമത്തെ സെഞ്ചുറി കുറിച്ചിരുന്നു. ആറ് സിക്സറുകളും പത്ത് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്. മത്സരത്തിന് പിന്നാലെ താരത്തിന്റെ ബാറ്റിംഗ് പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് മുംബൈ ഇന്ത്യൻസ് താരങ്ങള്‍ സഞ്ജുവിന് അരികിലെത്തി. കളത്തിൽ എതിരാളിയാണെങ്കിലും അതിലുപരി ഒരു താരത്തിന്റെ കഠിനാധ്വാനത്തെയും മികവിനെയും ഉയർത്തിപ്പിടിക്കുന്ന മനോഹരകാഴ്ച്ചയായിരുന്നു ഇന്നലെ മൈതാനത്ത് കണ്ടത്.

മത്സരത്തിന്റെ ഇരുപതാം ഓവറിലെ അവസാന പന്തിൽ ആയിരുന്നു സഞ്ജു മുംബൈക്കെതിരെ തന്റെ സെഞ്ചുറി തികച്ചതും ചെന്നൈ സൂപ്പർ കിംഗ്സ് 200 റൺസ് കടന്നതും. ഇന്നിംഗ്സ് അവസാനിച്ചതിന് തൊട്ട് പിന്നാലെ സഞ്ജുവിനെ അഭിനന്ദിക്കാന്‍ മുംബൈയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയായിരുന്നു ആദ്യമെത്തിയവരിൽ ഒരാൾ. നേരത്തെ ബുംറക്കെതിരെയായിരുന്നു സഞ്ജു ഐപിഎല്‍ കരിയറിലെ തന്‍റെ ആദ്യ സിക്സ് നേടിയിരുന്നത്. സഞ്ജുവിന് താരം കൈ കൊടുത്ത് അഭിനന്ദിച്ചതിന് പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സഞ്ജുവിന് അഭിനന്ദിക്കാനെത്തി. വിടർന്ന ചിരിയോടെ സഞ്ജുവിനെ തോളില്‍ തട്ടി അഭിനന്ദിച്ചാണ് ഹാര്‍ദിക് ഡ്രസിങ് റൂമിലേക്ക് പോയത്. ഇതിന് പിന്നാലെയായി ഇന്ത്യൻ ടി20 ടീം നായകന്‍ കൂടിയായ സൂര്യകുമാര്‍ യാദവ് എത്തി. സഞ്ജു സാംസണെ കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു സ്കൈ തന്റെ സന്തോഷം പങ്കുവെച്ചത്. എതിരാളികൾ എന്നൊന്നിലാതെ മുംബൈ താരങ്ങള്‍ പോലും സഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന കാഴ്ച ഗ്യാലറിയിലെ ആരാധകരെയും ആവേശത്തിലാഴ്ത്തി.

ഒരുവശത്ത് ചെന്നൈയുടെ വിക്കറ്റുകൾ തുടരെ കൊഴിഞ്ഞുതിരുന്നപ്പോൾ സഞ്ജു ക്രീസിൽ തുടർന്നത് ടീമിന് വലിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ തെറ്റിക്കാതെ സഞ്ജു 10 ഫോറുകളും 6 സിക്സറുകളും അടക്കം സീസണിലെ രണ്ടാം സെഞ്ചുറിയിലേക്കും റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കും കുതിച്ചു. 187 പ്രഹരശേഷിയിൽ ബാറ്റ് വീശിയ സഞ്ജു മുംബൈക്കെതിരെ ഒരു ചെന്നൈ താരം നേടുന്ന ആദ്യ സെഞ്ചുറി എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്. അവസാന ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയടിച്ചായിരുന്നു സഞ്ജു തന്റെ സെഞ്ചുറി തികച്ചത്. സെഞ്ചുറി അടിച്ചതിനൊപ്പം ചെന്നൈയെ 200 റൺസ് കടത്തി വാംഖഡെയില്‍ ടീമിനായി മികച്ച സ്കോര്‍ ഉറപ്പാക്കുകയും ചെയ്തിരുന്നു. ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഈ പ്രകടനത്തോടെ ഐപിഎൽ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ സഞ്ജു അഞ്ചാം സ്ഥാനത്തെത്തി (5 സെഞ്ചുറികൾ). അടുത്തിടെ നടന്ന ടി20 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരത്തിന് പിന്നാലെ ഐപിഎല്ലിലെ ആദ്യ മൂന്ന് കളികളില്‍ നിരാശപ്പെടുത്തി സഞ്ജു പിന്നീട് ഫോമിലേക്ക് ഉയര്‍ന്നതോടെ ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.

Content highlight: Mumbai Indians players congratulate Sanju Samson

dot image
To advertise here,contact us
dot image