

കൊച്ചി: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഉണ്ടോ എന്ന് തനിക്കറിയില്ല എന്ന് അജയ് തറയില്‍. ശക്തമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ആളാണ് കെ സി വേണുഗോപാലെന്നും കെ സി വേണുഗോപാലിന്റെ പക്ഷക്കാരനായി നിന്നുകൊണ്ട് പറയാന്‍ താന്‍ ആളല്ലെന്നും അജയ് തറയില്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'എ കെ ആന്റണി, നായനാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയായത് എംഎല്‍എ ആയിട്ടല്ല. അതൊന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു പ്രശ്‌നമല്ല. ആര് മുഖ്യമന്ത്രി ആകണമെന്ന് എംഎല്‍എമാര്‍ തീരുമാനിക്കട്ടെ. ഉയര്‍ന്നുവരുന്ന പേരുകാരെ കുറിച്ചുള്ള ട്രാക്ക് റെക്കോര്‍ഡ് ഒന്നും എന്റെ കയ്യിലില്ല. സമകാലികരായ ആളുകളെ കുറിച്ച് മാത്രമാണ് എനിക്കറിയാവുന്നത്. സോഷ്യല്‍ മീഡിയ പറയുന്ന ആളെ മുഖ്യമന്ത്രി ആക്കാന്‍ കഴിയില്ല' എന്നും അജയ് തറയില്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥലത്തേക്ക് കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകള്‍ പറയുന്നത് പ്രവര്‍ത്തകര്‍ അല്ലെന്ന് അജയ് തറയില്‍ പറഞ്ഞു. പി ആര്‍ വര്‍ക്കിന്റെ ഭാഗമായി നില്‍ക്കുന്ന ഫെയ്ക്ക് ഐഡികളും, സിപിഐഎം - ഡിവൈഎഫ്‌ഐ ആളുകളും ആണ് പേരുകള്‍ പറയുന്നതെന്ന് അജയ് തറയില്‍ കൂട്ടിച്ചേര്‍ത്തു.
'കെ സുധാകരന്‍, ഷാഫി പറമ്പില്‍ എന്നിവരും മുഖ്യമന്ത്രി ആകണമെന്ന് തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടു. ആരുടെയും പേര് മനസ്സില്‍ കണ്ടുകൊണ്ട് അല്ല ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഉണ്ടാകുന്ന കാലമാണ്. ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥ. ഈ പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്യാതെ കുറെ ആളുകള്‍ വീട്ടിലിരുന്ന് അഭിപ്രായം പറയുന്നു. പെയ്ഡ് പി ആര്‍ വര്‍ക്കുകളും കോണ്‍ഗ്രസ് വിരുദ്ധരായ ആളുകളുമാണ് ഇതിനുപിന്നില്‍', അജയ് തറയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന, ജയിലില്‍ കിടന്നു കഷ്ടപ്പെട്ട, സമരം ചെയ്യുകയും തല്ലു കൊള്ളുകയും ചെയ്ത ആരെങ്കിലുമാണ് മുഖ്യമന്ത്രി ആകേണ്ടതെന്നും തങ്ങളുടെ കാലഘട്ടത്തിലുള്ളവര്‍ എങ്ങനെയാണ് വളര്‍ന്നുവന്നതെന്ന് പുതിയ തലമുറയില്‍ ഉള്ളവര്‍ക്ക് അറിയില്ലെന്നും അജയ് തറയില്‍ വ്യക്തമാക്കി.
Content Highlights: Congress leader Ajay Tharayil about CM discussion in Congress Party