'ഇന്ത്യയും ഓസ്‌ട്രേലിയയും പൗരത്വം വാഗ്ദാനം ചെയ്തിരുന്നു'; വെളിപ്പെടുത്തലുമായി റാഷിദ് ഖാന്‍

റഷീദ് ഖാന്റെ പുതിയ പുസ്തകമായ 'റാഷിദ് ഖാന്‍: ഫ്രം സ്ട്രീറ്റ്‌സ് ടു സ്റ്റാര്‍ഡം' എന്നതിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ

'ഇന്ത്യയും ഓസ്‌ട്രേലിയയും പൗരത്വം വാഗ്ദാനം ചെയ്തിരുന്നു'; വെളിപ്പെടുത്തലുമായി റാഷിദ് ഖാന്‍
dot image

'ഇന്ത്യയും ഓസ്ട്രേലിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ തന്റെ മാതൃരാജ്യമായ അഫ്ഗാനിസ്ഥാനെ വിട്ടുപോകാന്‍ താന്‍ തയ്യാറായില്ല', ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ അഭിമാനമായ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്റെ ഈ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ 'റാഷിദ് ഖാന്‍: ഫ്രം സ്ട്രീറ്റ്‌സ് ടു സ്റ്റാര്‍ഡം' എന്നതിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

'അഫ്ഗാനിസ്ഥാനിലെ സാഹചര്യം വളരെ മോശമാണ്, അതുകൊണ്ട് ഇന്ത്യയില്‍ തന്നെ താമസിച്ച് ഇവിടെ കളിച്ചുകൂടേ?' 2023-ലെ ഐപിഎല്‍ സീസണിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചതായി റഷീദ് വ്യക്തമാക്കി. ഇന്ത്യന്‍ രേഖകള്‍ നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തതായും താരം പറഞ്ഞു. എന്നാല്‍ ആ ക്ഷണം താൻ ചിരിച്ചുകൊണ്ട് നിരസിച്ചുവെന്നും തന്റെ രാജ്യം അഫ്ഗാനിസ്ഥാനാണെന്ന് വ്യക്തമാക്കിയെന്നും റാഷിദ് തന്റെ പുസ്തകത്തില്‍ കുറിക്കുന്നു. ഒപ്പം സമാനമായ വാഗ്ദാനങ്ങള്‍ ഓസ്ട്രേലിയയില്‍ നിന്നും തനിക്ക് ലഭിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

2018-ല്‍ ഐപിഎൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോള്‍ റാഷിദ് ഖാന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ആവേശഭരിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപെയ്ന്‍ സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി നേരിട്ട് ഇടപെടുകയും റാഷിദ് ഖാന്‍ തങ്ങളുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹത്തെ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Content highlights: 'India and Australia had offered citizenship'; Rashid Khan

dot image
To advertise here,contact us
dot image