

ഇന്ത്യയിലെ പെന്‍ഷന്‍ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി കേന്ദ്ര സര്‍ക്കാര്‍ 100 ശതമാനമായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഈ മേഖലയിലെ നിക്ഷേപപരിധി 49 ശതമാനമാണ്. വരാനിരിക്കുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിലോ ശൈത്യകാല സമ്മേളനത്തിലോ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ചേക്കും.
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി നേരത്തെ 100 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ മേഖലയിലും സമാനമായ ഉദാരവല്‍ക്കരണം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. 2015ല്‍ ഇന്‍ഷുറന്‍സ് നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ നിക്ഷേപ പരിധി 49ല്‍ നിന്ന് 74 ശതമാനമായും പിന്നീട് 100 ശതമാനമായും ഉയര്‍ത്തിയിരുന്നു. ഇതേ പാത പിന്തുടര്‍ന്ന് 2013ലെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം.
പുതിയ ഭേദഗതി പ്രകാരം നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) ട്രസ്റ്റിനെ പെന്‍ഷന്‍ റെഗുലേറ്ററായ പിഎഫ്ആര്‍ഡിഎയില്‍ നിന്ന് വേര്‍പെടുത്താന്‍ നിര്‍ദേശമുണ്ട്. നിലവില്‍ പിഎഫ്ആര്‍ഡിഎ ചട്ടങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ഈ ട്രസ്റ്റിനെ ഒരു സ്വതന്ത്ര ചാരിറ്റബിള്‍ ട്രസ്റ്റ് ആയോ അല്ലെങ്കില്‍ കമ്പനീസ് ആക്ടിന് കീഴിലോ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. 15 അംഗങ്ങളുള്ള സ്വതന്ത്ര ബോര്‍ഡായിരിക്കും ഇതിനെ നിയന്ത്രിക്കുക. ഭൂരിഭാഗം അംഗങ്ങളും സര്‍ക്കാരില്‍ നിന്നുള്ളവരായിരിക്കും. പെന്‍ഷന്‍ ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ വിഹിതം നല്‍കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്.
വര്‍ധിച്ചുവരുന്ന പെന്‍ഷന്‍ ബാധ്യതകള്‍ കുറയ്ക്കുന്നതിനും നിക്ഷേപങ്ങള്‍ കൂടുതല്‍ ഉല്‍പാദനക്ഷമമായ മേഖലകളിലേക്ക് തിരിച്ചുവിടുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2004 ജനുവരി 1 മുതല്‍ സായുധ സേന ഒഴികെയുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി എന്‍പിഎസ് നിര്‍ബന്ധമാക്കിയിരുന്നു. തുടര്‍ന്ന് 2009 മെയ് 1 മുതല്‍ സാധാരണ പൗരന്മാര്‍ക്കും ഇത് ലഭ്യമാക്കി. വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ വിദേശ മൂലധനം രാജ്യത്തെ പെന്‍ഷന്‍ വിപണിയിലേക്ക് എത്തുമെന്നും ഇത് മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും സര്‍ക്കാര്‍ കരുതുന്നു.
ആവശ്യമായ അനുമതികള്‍ ലഭിക്കുന്ന മുറയ്ക്ക് ഭേദഗതി ബില്‍ അവതരിപ്പിക്കാനാണ് ധനമന്ത്രാലയം ലക്ഷ്യമിടുന്നത്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനൊപ്പം തന്നെ ഈ മേഖലയില്‍ വലിയ തോതിലുള്ള പരിഷ്‌കാരങ്ങള്‍ക്കും നീക്കം വഴിയൊരുക്കും.
Content Highlights: Govt may hike FDI limit in pension sector; Bill likely in Monsoon Session