മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദം; ആ ചര്‍ച്ചയ്ക്ക് തനിക്ക് താല്‍പര്യമില്ലെന്ന് കെ സി വേണുഗോപാല്‍

അങ്ങനെയൊരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് കെ സി വേണുഗോപാൽ

മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദം; ആ ചര്‍ച്ചയ്ക്ക് തനിക്ക് താല്‍പര്യമില്ലെന്ന് കെ സി വേണുഗോപാല്‍
dot image

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കെ സി വേണുഗോപാല്‍ എംപി. ആ ചര്‍ച്ചയ്ക്ക് തനിക്ക് താല്‍പര്യമില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അങ്ങനെയൊരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. തമിഴ്‌നാട് തെരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ ഡിഎംകെ-കോണ്‍ഗ്രസ് മുന്നണി സഖ്യം വിജയിക്കും. അനുകൂലമായ തരംഗം സഖ്യത്തിനുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കെ സി വേണുഗോപാല്‍ മിടുക്കനാണെന്നുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു. അത്തരം ചര്‍ച്ചകളില്‍ ഒന്നും പങ്കെടുക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മറുപടി വെള്ളാപ്പള്ളിയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഷ്ട്രീയം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കെ സി വേണുഗോപാല്‍ രംഗത്തെത്തി. പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ദൂരദര്‍ശനിലൂടെ മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്‍ വനിതകളെ തെറ്റിദ്ധരിപ്പിക്കാനുള്ള മോദിയുടെ നാടകമാണെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മോദിയുടെ ഗൂഢ പദ്ധതി പൊളിഞ്ഞു. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാന്‍ ആയിരുന്നു മോദിയുടെ ശ്രമം. മോദിയുടെ നാടകം തമിഴകത്ത് ചിലവാകില്ല. നരേന്ദ്രമോദിയുടെ വിഘടന വാദത്തെ ശക്തമായി എതിര്‍ത്ത നേതാവാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലാളിത്യമുള്ള സംസ്‌കാരം നിലനിര്‍ത്തുന്ന സര്‍ക്കാരാണ് സ്റ്റാലിന്റേത്. പക്ഷേ വളഞ്ഞ വഴിയില്‍ തമിഴ്‌നാടിനെ ആക്രമിക്കുകയാണ് കേന്ദ്രം.

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട 2000 കോടി നല്‍കാതെ വലിഞ്ഞു മുറുകി. ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തത് കൊണ്ട് എഐഎഡിഎംകെയെ കൂട്ടുപിടിച്ച് അട്ടിമറി ശ്രമം നടത്തുകയാണ്. ജാള്യത മറക്കാനാണ് മോദി ഇപ്പോള്‍ ഇത് ചര്‍ച്ചാവിഷയമാക്കി നടക്കുന്നത്. അഭിമാന ബോധം ഉണ്ടെങ്കില്‍ പഴയ ബില്ല് പാസാക്കണമായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് രാജീവ് ഗാന്ധി സര്‍ക്കാരാണ്. മോദിയുടേത് തനി നാടകമാണ്. സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാകാനുള്ള ശ്രമമാണ് തകര്‍ത്തത്. സംസ്ഥാനങ്ങളെ ഇകഴ്ത്തി കെട്ടാനായിരുന്നു ശ്രമം. രാജ്യത്തെ ഇഷ്ടമുള്ള രീതിയില്‍ വെട്ടിമുറിച്ചു ഭരിക്കാനുള്ള കുല്‍സിത ശ്രമമാണ് ഇന്ത്യാ സഖ്യം തകര്‍ത്തത്. തമിഴ്‌നാടില്‍ വന്ന് വോട്ട് ചോദിക്കാനുള്ള അധികാരവും അവകാശവും മോദിക്കും ബിജെപിക്കും ഇല്ല. രണ്ടാം തരം പൗരന്മാരായി കാണാനുള്ള തീരുമാനത്തിന് സ്ത്രീകള്‍ മറുപടി കൊടുക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- K C Venugopal responded to the controversy related to the Chief Minister post, stating that he has no interest in such discussions

dot image
To advertise here,contact us
dot image