

വാഷിങ്ടണ്‍: ഇറാന്‍-യുഎസ് രണ്ടാംഘട്ട ചര്‍ച്ച നാളെ പാകിസ്താനില്‍ നടക്കും. ഇസ്‌ലമാബാദിലാണ് ചര്‍ച്ച നടക്കുക. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. കരാര്‍ സാധ്യമായില്ലെങ്കില്‍ ഇറാനിലെ എല്ലാ ഊര്‍ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വെടിയുതിര്‍ത്തുവെന്നും ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണ ലംഘനമാണെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഇറാന്‍ പറയുന്നത്. ഇത് വിചിത്രമായ വാദമാണ്. കാരണം യുഎസ് ഉപരോധം മൂലം ഹോര്‍മുസ് കടലിടുക്ക് ഇതിനകം അടഞ്ഞുകിടക്കുകയാണ്. ഇറാന്‍ അറിയാതെ തന്നെ അവര്‍ യുഎസിനെ സഹായിക്കുകയാണ്. യുഎസ് ന്യായമായ കരാറാണ് വാഗ്ദാനം ചെയ്യുന്നത്. ഇറാന്‍ അത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് തയ്യാറാകാത്ത പക്ഷം ഇറാന്റെ ഊര്‍ജനിലയങ്ങളും പാലങ്ങളും അമേരിക്ക തകര്‍ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
നാളെ നടക്കുന്ന ചര്‍ച്ചയില്‍ യുഎസ് സംഘത്തെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം യുഎസുമായുള്ള രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. യുഎസ് മുന്നോട്ടുവെച്ച ചില ആവശ്യങ്ങളാണ് ഇതിന് തടസ്സമെന്നും ഇറാന്‍ അറിയിച്ചു.
ഇറാനില്‍ യുഎസ് പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കാനിരിക്കുകയാണ്. ഇതിനിടെ യുഎസുമായുള്ള സമാധാനക്കരാര്‍ ഇനിയും അകലെയെന്ന് സൂചിപ്പിച്ച് ഇറാന്‍ രംഗത്തെത്തിയിരുന്നു. യുഎസുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെങ്കിലും കരാര്‍ ഇനിയും അകലെയാണെന്നായിരുന്നു ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ് വ്യക്തമാക്കിയത്. ചില കാര്യങ്ങളില്‍ ഇനിയും വിള്ളുകളുണ്ട്. അന്തിമ തീരുമാനത്തില്‍ നിന്ന് ഇനിയും അകലെയാണെന്നും മുഹമ്മദ് ബാഘര്‍ ഖാലിബാഫ് പറഞ്ഞിരുന്നു.
Content Highlights- The second round of Iran-US talks will be held in Pakistan, while Donald Trump warned that nuclear and energy facilities could be targeted if no agreement is reached.