

പേരുകേട്ട രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് നിരയെ തന്റെ ആദ്യ ഓവറിൽ തന്നെ ചുരുക്കി കെട്ടി അരങ്ങേറ്റക്കാരൻ പ്രഫുൽ ഹിംഗെ. ആദ്യ ഓവറിൽ തന്നെ വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, ലുവന്‍-ഡ്രെ പ്രിട്ടോറിയസ് എന്നിവരെയാണ് താരം മടക്കി അയച്ചത്. തന്റെ രണ്ടാം ഓവറിൽ റിയാൻ പരാഗിനെയും പുറത്താക്കി.
ഐ പി എല്ലിൽ ഇതാദ്യമായാണ് ഒരു ഇന്നിങ്സിന്റെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് വീഴുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരമായ പ്രഫുൽ ഈ സീസണിന് മുന്നോടിയാണ് സൺറൈസേഴ്സ് ഹൈദരാബാദിലെത്തുന്നത്. 30 ലക്ഷം അടിസ്ഥാന വിലക്കാണ് ടീമിലെത്തിയത്.
10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 26.7 ശരാശരിയിൽ 27 വിക്കറ്റുകൾ 24 വയസ്സുള്ള താരം നേടിയിട്ടുണ്ട്. ടി 20 ഫോർമാറ്റിൽ പക്ഷെ അധികം പരിചയമോ റെക്കോർഡുകളോ ഇല്ലാത്ത താരം പക്ഷെ തന്റെ അരങ്ങേറ്റത്തിൽ തന്നെ വരവറിയിച്ചു.
സീസണിൽ നാല് മത്സരങ്ങളും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാമതുളള രാജസ്ഥാനെയും അവരുടെ അപകടകാരികളായ ടോപ് ഓർഡറി നെയുമാണ് താരം വരിഞ്ഞുക്കെട്ടിയത്. അതിൽ വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനും വീണു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് 216 റൺസിന്റെ ടോട്ടൽ ആണ് നേടിയത്.
ഇഷാൻ കിഷന്റെ ഇന്നിങ്‌സാണ് ഹൈദരാബാദിന് കരുത്തായത്. 44 പന്തിൽ ആറ് സിക്‌സറും എട്ട് ഫോറുകളും അടക്കം 91 റൺസാണ് താരം നേടിയത്.
ഹെൻഡ്രിച്ച് ക്ലാസൻ 26 പന്തിൽ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 40 റൺസ് നേടി. നിതീഷ് കുമാർ റെഡ്‌ഡി 13 പന്തിൽ 28 റൺസും സലീൽ അറോറ 13 പന്തിൽ 24 റൺസും നേടി. ട്രാവിസ് ഹെഡ് 18 റൺസ് നേടി. രാജസ്ഥാന് വേണ്ടി ജോഫ്രെ ആർച്ചർ രണ്ട് വിക്കറ്റ് നേടി.
Content Highlights: who is praful hinge srh debut 3 wickets first over ipl 2026