'ഡെവാള്‍ഡ് ബ്രെവിസ് എന്ന് തിരിച്ചെത്തും?'; നിര്‍ണായക അപ്‌ഡേറ്റുമായി ഫ്ലെമിങ്‌

'ബ്രെവിസ് ഇല്ലാത്തത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്'

'ഡെവാള്‍ഡ് ബ്രെവിസ് എന്ന് തിരിച്ചെത്തും?'; നിര്‍ണായക അപ്‌ഡേറ്റുമായി ഫ്ലെമിങ്‌
dot image

ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിന്റെ കാര്യത്തില്‍ നിര്‍ണായക അപ്‌ഡേറ്റുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ്. പരിക്കേറ്റ ബ്രെവിസ് സീസണില്‍ ഇതുവരെ ചെന്നൈയ്ക്ക് വേണ്ടി ഇറങ്ങിയിട്ടില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടര്‍ പരാജയങ്ങളാല്‍ വലയുന്ന സാഹചര്യത്തില്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രതികരണമാണ് ഫ്ലെമിങ് നല്‍കിയത്.

അടുത്ത മത്സരത്തില്‍ ബ്രെവിസ് ചെന്നൈയ്‌ക്കൊപ്പമുണ്ടാവുമെന്നാണ് കോച്ച് പ്രതീക്ഷ പ്രകടിപ്പിച്ചത്. ഏപ്രില്‍ 11ന് ഡല്‍ഹിക്കെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ഡല്‍ഹിക്കെതിരെ ബ്രെവിസ് ഇറങ്ങുമെന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരശേഷം ഫ്ലെമിങ് പറഞ്ഞത്.

'അടുത്ത മത്സരത്തില്‍ ബ്രെവിസ് ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മത്സരത്തിലേക്ക് ഇനിയും അഞ്ച് ദിവസമുണ്ട്. ആ ദിവസങ്ങളില്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തതുപോലെ നടക്കുമെന്ന് കരുതുന്നു. ബ്രെവിസ് ഇല്ലാത്തത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്. അദ്ദേഹം തിരിച്ചുവരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ', ഫ്ലെമിങ് പറഞ്ഞു.

പരിശീലനത്തിനിടെയേറ്റ പരിക്കുകാരണം രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു എന്നിവർക്കെതിരെയുള്ള ആദ്യ മത്സരങ്ങൾ ബ്രെവിസിന് നഷ്ടമായിരുന്നു. പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ബ്രെവിസ് ക്യാമ്പിലെത്തിയെങ്കിലും പൂർണ്ണ കായികക്ഷമത കൈവരിക്കാത്തതിനാൽ പുറത്തിരിക്കേണ്ടി വരികയായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടത് ടീമിന് വലിയ തിരിച്ചടിയായിരുന്നു. ബ്രെവിസിന്റെ മടങ്ങിവരവ് ടീമിന് വലിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന താരം എം.എസ്. ധോണിയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

Content Highlights: IPL 2026: Stephen Fleming reveals about Dewald Brevis's return to CSK

dot image
To advertise here,contact us
dot image